സൗജന്യ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ് ലോകത്തെമ്പാടും വോയിസ് കോളിംഗ്് സംവിധാനം അവതരിപ്പിച്ചു. പക്ഷെ, യുഎഇയിലുള്ള ആളുകള്‍ക്ക് വാട്ട്സ്ആപ്പിന്റെ ഈ സൗജന്യ സേവനം ഉപയോഗിക്കാന്‍ കഴിയില്ല. തങ്ങളുടെ പ്രവര്‍ത്തന ലാഭത്തില്‍ കുറവു വരുമെന്ന് കണ്ട് യുഎഇയിലെ പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ എത്തിസാലാത്തും ഡുവും വോയ്സ് കോളിങ് സംവിധാനം ബ്ലോക്ക് ചെയ്തതാണ് ഇതിന് കാരണം.
വോയ്സ് കോളിങിനുള്ള വിലക്ക് ആറു ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. വിലക്കേര്‍പ്പെടുത്തിയാലും വൈഫൈ കണക്ഷന് ഉള്ളവര്‍ക്ക് വോയിസ് കോളിങ് ഉപയോഗിക്കാന്‍ സാധിക്കും. അതേസമയം ഡു തങ്ങളുടെ ഉപഭോക്താക്കളെ ഇതുവരെ വാട്സ്ആപ്പ് വോയ്സ് കോളിങ്ങില്‍ നിന്നും വിലക്കിയിട്ടില്ലെന്നാണറിയുന്നത്.
യുഎഇയില്‍ വോയ്സ് കോളിങ് സൗകര്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് ടെലികോം കമ്പനികള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. യുഎഇയില്‍ എത്തിസാലാത്തും ഡുവുമാണ് അംഗീകൃത ടെലികോം സേവന ദാതാക്കള്‍. അതുകൊണ്ടു തന്നെ ഇവര്‍ വോയിസ് കോളിങിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ പിന്നെ പൊതുജനങ്ങള്‍ക്ക് സേവനം ലഭിക്കുക ബുദ്ധിമുട്ടാകും.
വാട്സ്ആപ്പ് വോയ്സ് കോളിങിന് പുറമെ സ്കൈപ്പിനെയും എത്തിസലാത്തിന്റെ നീക്കം പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്കൈപ്പിന് യുഎഇയില്‍ നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പലരും ഇത് അനധികൃതമായി ഉപയോഗിക്കാറുണ്ട്. സ്കൈപ്പ് ഉപയോഗിച്ച് മെസേജ് അയക്കാന്‍ മാത്രമാണ് യുഎഇയില്‍ അനുവാദമുള്ളത്. സ്കൈപ്പും വൈബറും ഉപയോഗിച്ചുള്ള വോയിസ് കോളിങ് യുഎഇയില്‍ അനധികൃതമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല