സ്വന്തം ലേഖകന്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാന സര്‍വീസുകള്‍ നെടുമ്പാശ്ശേരിയിലേക്കു മാറ്റി. കരിപ്പൂരില്‍ റണ്‍വേ പുതുക്കി പണിയുന്നതിന്റെ ഭാഗമായി മെയ് ഒന്നു മുതല്‍ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവക്കുമെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാന പ്രകാരമാണ് സര്‍വീസുകള്‍ മാറ്റിയത്.
രണ്ടാഴ്ച മുമ്പു തന്നെ സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് വിമാന ടിക്കറ്റ് ബുക്കിങ് നിര്‍ത്തിയിരുന്നു. തുടര്‍ന്നാണ് വിമാനക്കമ്പനി സര്‍വീസുകള്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനം എയര്‍ ഇന്ത്യ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
നെടുമ്പാശേരിയിലെ തിരക്കു പരിഗണിച്ച് കരിപ്പൂര്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരത്തേക്ക് മാറ്റാനാണ് ശ്രമിച്ചിരുന്നതെങ്കിലും സമയ സ്ലോട്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റേണ്ടി വന്നത്. സൗദി എയര്‍ലൈന്‍സിന്റെ പ്രതിദിന സര്‍വീസാണ് കരിപ്പൂരില്‍നിന്നും നെടുമ്പാശ്ശേരിയിലേക്ക് മാറ്റുന്നത്. ഇതോടെ 2450 സീറ്റുകളുടെ കുറവാണ് ഉണ്ടാവുക.
ചൊവ്വ, വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ എയര്‍ ഇന്ത്യക്ക് കരിപ്പൂരില്‍നിന്നും സര്‍വീസുണ്ട്. എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തുന്നതോടെ ആഴ്ചയില്‍ 4500 വിമാന സീറ്റുകള്‍ നഷ്ടപ്പെടും. കരിപ്പൂരില്‍ നിന്നും ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലുള്ള എയര്‍ ഇന്ത്യയുടെ റിയാദ് വിമാനവും നിര്‍ത്തലാക്കിയിട്ടുണ്ട്.
ഒപ്പം ദുബൈയിലേക്കുള്ള എമിറേറ്റ്‌സിന്റെ രണ്ട് ജംബോ സര്‍വീസുകളും നിര്‍ത്തലാക്കും. എന്നാല്‍ ഏതെല്ലാം സര്‍വീസുകളാന് മാറ്റുക എന്നത് സംബന്ധിച്ച് എമിറേറ്റ്‌സ് തീരുമാനത്തില്‍ എത്തിയിട്ടില്ല. വേനലവധിയും റംസാന്‍ ഉള്‍പ്പെടെയുള്ള വിശേഷാവസരവും ചേര്‍ന്നു വരുമ്പോള്‍ വലിയ വിമാനങ്ങള്‍ കരിപ്പൂര്‍ സര്‍വീസ് നിര്‍ത്തുമ്മത് നാട്ടിലേക്കുള്ള വിദേശ യാത്രക്കാരേയും ഹജ്ജ്, ഉംറ തീര്‍ത്ഥാടകരേയും വലക്കുമെന്ന് ഉറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല