ബോംബുണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിക്കാന്‍ നെറ്റില്‍ തെരയുന്ന ‘ഭാവി ഭീകരര്‍’ക്ക് ഇനി കപ്പ് കേക്ക് നിര്‍മ്മിക്കുന്നത് എങ്ങനെ പഠിക്കാം! ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ-6 ഇടപെട്ടാണ് നെറ്റില്‍ ഇത്തരത്തിലൊരു സൂത്രപ്പണി നടത്തിയത്.
ഓണ്‍ലൈന്‍ ജിഹാദി മാഗസിനായ “ഇന്‍സ്പയര്‍” ആണ് ബോംബ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് വിശദീകരിച്ചിരുന്നത്. അല്‍-ക്വൊയ്ദ ഭീകരര്‍ യുവാക്കളെ ഇത്തരത്തില്‍ മനസ്സുമാറ്റി സംഘടനയിലെത്തിക്കുന്നത് തടയുന്നതിനാണ് ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്‍സി ഇടപെട്ടത്.
“നിങ്ങളുടെ അടുക്കളയില്‍ ഒരു ബോംബ് ഉണ്ടാക്കാം” എന്ന് അര്‍ത്ഥം വരുന്ന തലക്കെട്ടില്‍ മാഗസിനില്‍ വന്ന ഒരു ലേഖനം ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കാണ് കേക്ക് ഉണ്ടാക്കാന്‍ പഠിക്കേണ്ടി വരിക! ഈ ലിങ്ക് അമേരിക്കയിലെ ഏറ്റവും നല്ല കപ്പ് കേക്കുകള്‍ ഉണ്ടാക്കുന്നതെങ്ങനെ എന്ന് വിവരിക്കുന്ന ഒരു സൈറ്റിലേക്ക് ‘റീഡയറക്ട്’ ചെയ്തിരിക്കുകയാണ്.
അല്‍-ക്വൊയ്ദയുടെ അറേബ്യന്‍ നേതാക്കളായ അന്‍വര്‍ അല്‍-അവ്‌ലാക്കിയും സമീര്‍ ഖാനുമാണ് ‘ഇന്‍സ്പയര്‍’ ഭീകര മാസികയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല