സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ റഷ്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് കിം റഷ്യയിലെത്തുക. റഷ്യയുടെ ക്ഷണമനുസരിച്ചാണ് കിമ്മിന്റെ വരവെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു റഷ്യന്‍ ഉദ്യോഗസ്ഥന് വെളിപ്പെടുത്തുന്നു.
എന്നാല്‍ മേയ് മാസത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സന്ദര്‍ശനത്തെ കുറിച്ച് ഉത്തര കൊറിയന്‍ ഭരണസിരാ കേന്ദ്രമായ പോഗ്യാംഗ് ഇതുവരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. 2011 ല്‍ പിതാവില്‍ നിന്ന് രാജ്യത്തിന്റെ പരമോന്നത സ്ഥാനം ഏറ്റെടുത്ത ശേഷം കിമ്മിന്റെ ആദ്യ വിദേശ യാത്രയാകും ഇത്.
കിമ്മിനുള്ള ഔദ്യോഗിക ക്ഷണം പോഗ്യാംഗിലേക്ക് അയച്ചു കഴിഞ്ഞു. അവര്‍ ക്ഷണം സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ കിം മോസ്കോയില്‍ വച്ചു നടക്കുന്ന വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന് മിക്കവാറും ഉറപ്പാണ്, റഷ്യന്‍ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കു മേല്‍ റഷ്യന്‍ സൈന്യം അന്തിമ വിജയം നേടിയതിന്റെ എഴുപതാം വാര്‍ഷികമാണ് ഈ മെയ് മാസം ആഘോഷിക്കുന്നത്. അമേരിക്കയുടേയും സഖ്യ കക്ഷികളുടേയും അനിഷ്ടം വകവക്കാതെ റഷ്യ ഉത്തര കൊറിയുമായി ഊഷ്മളമായ ബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നു എന്ന്തിന്റെ സൂചന കൂടിയാണ് കിമ്മിനുള്ള പ്രത്യേക ക്ഷണം.
മെയ് 9 ന് നടക്കാനിരിക്കുന്ന വാര്‍ഷിക ആഘോഷങ്ങളില്‍ 68 ലോക നേതാക്കള്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനക്കും റഷ്യക്കും പുറമെ മറ്റൊരു രാജ്യവുമായി സൗഹൃദം പുലര്‍ത്താന്‍ തയ്യാറാകാത്ത ഉത്തരകൊറിയയുടെ പരമോന്നത നേതാവ് മറ്റ് ലോക നേതാക്കളോടൊപ്പം വേദി പങ്കിടുന്ന കാഴ്ചക്കായി കൗതുകത്തോടെ കാത്തിരിക്കുകയാണ് ലോക മാധ്യമങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല