സ്വന്തം ലേഖകന്‍: ആസ്ട്രേലിയന്‍ ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ വന്‍ ലൈംഗിക ചൂഷണം നടക്കുന്നതായി കണ്ടെത്തല്‍. നൗറുവിലെ പസഫിക് ഐലന്‍ഡിലെ കേന്ദ്രത്തിലാണ് ജീവനക്കാര്‍ മയക്കുമരുന്നായ മരിയുവാന എത്തിച്ചു കൊടുക്കുന്നതിന് പകരമായി അന്തേവാസികളില്‍ നിന്ന് ലൈംഗിക സേവനങ്ങള്‍ ഈടാക്കിയതായി തെളിഞ്ഞത്.
അന്തേവാസികളെ ലൈംഗികമായി ചൂഷണം ചെയ്തതു കൂടാതെ മൂന്നു ബലാത്സംഗങ്ങള്‍, അസഭ്യ പ്രയോഗം, ലൈംഗിക പീഡനം, ശാരീരിക പീഡനം എന്നിവ നടക്കുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. ബലാത്സംഗത്തിന് ഇരയായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്തയാളാണ്.
സെന്ററിലെ അന്തേവാസിയായ യുവതിയോട് തന്റെ കുഞ്ഞിനൊപ്പം അനുവദിക്കപ്പെട്ട സമയത്തേക്കാള്‍ പത്തു മിനിറ്റ് കുളിമുറിയില്‍ ചെലവഴിക്കുന്നതിന് സ്വന്തം നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ഒരു ഗാര്‍ഡ് ആവശ്യപ്പെട്ടതായും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
നേരത്തെ ക്യാമ്പിലെ നരകത്തില്‍ നിന്ന് രക്ഷപ്പെടാനായി അന്തേവാസികള്‍ക്ക് സ്വയം മുറിവേല്‍പ്പിക്കാന്‍ ക്യാമ്പ് സന്ദര്‍ശിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ പരിശീലനം നല്‍കിയത് വാര്‍ത്തയായിരുന്നു. മുറിവേല്‍ക്കുന്ന അന്തേവാസികള്‍ക്ക് കൂടുതല്‍ ചികിത്സ ലഭ്യമാക്കുന്നതിനായി ആസ്ട്രേലിയയിലേക്ക് മാറ്റാന്‍ നിയമം ഉള്ളതിനാലാണിത്.
ചെറു ബോട്ടുകളില്‍ ആസ്ട്രേലിയന്‍ തീരങ്ങളിലെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ പിടിയിലാകുമ്പോള്‍ പാര്‍പ്പിക്കുന്ന സ്ഥലമാണ് പാപ്പുവ ന്യൂ ഗിനിയയയിലെ നൗറു അഭയാര്‍ഥി ക്യാമ്പ്. ഗിനിയയിലെ തന്നെ മാനുവിലും നൗറുവിലുമുള്ള രണ്ടു ക്യാമ്പുകള്‍ ഇത്തരത്തിലുള്ള വ്യാപകമായ പരാതികളെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ പൂട്ടിച്ചിരുന്നു.
മോശം കാലവസ്ഥയില്‍ അടിസ്ഥാന സൗകര്യം പോലുമില്ലാത്ത കുടുസു മുറികളിലാണ് അഭിയാര്‍ഥികളെ കുത്തിനിറക്കുന്നത്. പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണുമെന്ന് ആസ്ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല