സ്വന്തം ലേഖകന്‍: നാല്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പ്രണയ ലേഖനം നല്കുമ്പോള് മമ്മൂട്ടി കരുതിയിട്ടുണ്ടാവില്ല പ്രണയലേഖനവുമായി ഒരു സ്ത്രീ മടങ്ങി വരുമെന്ന്. മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലാണ് സിനിമാ സ്റ്റൈലില്‍ സംഭവം നടന്നത്. 1972 ല്‍ മമ്മൂട്ടിയുടെ ഒപ്പം മഹാരാജാസില്‍ പഠിച്ചിരുന്ന മെഹറിനാണ് പ്രണയ ലേഖനവുമായി എത്തിയത്.
ഒത്തുചേരലിനിടെ മെഗാ സ്റ്റാറുമായുള്ള പരിചയം പുതുക്കുന്നിതിന് ഇടയിലാണ് മെഹറിന് പ്രണയ ലേഖന ബോംബ് പുറത്തെടുത്ത് പൊട്ടിച്ചത്. നാല്പത് വര്‍ഷം മുമ്പ് മമ്മൂട്ടി തനിക്ക് നല്കിയ പ്രണലേഖനം മെഹറിന് സ്റ്റേജില്‍ വായിച്ചപ്പോള്‍ സദസ്സില്‍ കൂട്ടച്ചിരിയുയര്‍ന്നു. മമ്മൂട്ടി മെഹറിനെ സ്റ്റേജിലേക്ക് വിളിക്കുകയും കുശലം ചോദിക്കുകയും ചെയ്തു.
മിക്ക പെണ്‍കുട്ടികള്‍ക്കും അന്ന് മമ്മൂട്ടി ഇതുപോലെ പ്രണയലേഖനം കൈമാറാറുണ്ടായിരുന്നു എന്ന് മെഹറിന് പറഞ്ഞു. മെലിഞ്ഞുണങ്ങിയ അന്നത്തെ ആ ചെറുപ്പക്കാരന് ഇന്ന് ഇന്ത്യ അറിയപ്പെടുന്ന, ആരാധിക്കുന്ന മെഗാ താരമായി മാറുമെന്ന് മെഹറിന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.
തേവര കോളേജില്‍ നിന്ന് മഹാരാജാസ് കോളേജിലേക്ക് പഠിക്കാന്‍ വന്നത് അവിടെയുള്ള മരങ്ങളെയോ അധ്യാപകരെയോ പഠനമോ കണ്ടിട്ടല്ല മറിച്ച്, സുന്ദരികളായ പെണ്‍കുട്ടികളെ കണ്ടിട്ടാണ് എന്നായിരുന്നു മമ്മൂട്ടിയുടെ കമന്റ്.
എന്നാല്‍ കഥയുടെ ക്ലൈമാക്സ് അതല്ല. മമ്മൂട്ടിയുടെ സീനിയറായിരുന്നു മെഹറിന് എന്നതാണത്. ജൂനിയര്‍ പയ്യന്മാര് സീനിയേഴ്സിനെ കണ്ടാല്‍ തന്നെ മുട്ടിടിച്ചിരുന്ന അക്കാലത്തും മെഗാ സ്റ്റാര്‍ സിനിമാ സ്റ്റൈലില്‍ സീനിയര്‍ ആണ്‍കുട്ടികളെ മറികടന്ന് മെഹറിന് പ്രണയലേഖനം കൊടുക്കാന്‍ ധൈര്യം കാണിച്ചു എന്ന് സാരം. അതുകൊണ്ടായിരിക്കണം നാല്പത് വര്‍ഷമായി ആ കത്ത് മെഹറിന് സൂക്ഷിച്ചു വക്കാന്‍ കാരണവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല