എ. പി. രാധാകൃഷ്ണന്
ക്രോയ്ടോന്‍: ഇന്നലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര് ഇല് ഒത്തു കൂടിയ ഭക്തജനങ്ങളെ ദേവീ ചൈതന്യത്തിന്റെ സിന്ധൂരതിലകമണിയിച്ച് ഒരു സത്സംഗം കൂടി പരിസമാപ്തിയായി. ഇനി കൂടുതല്‍ വിപുലമായ പരിപാടികളും വിഷു സദ്യയും ഒരുക്കി അടുത്ത മാസം 25 നു സത്സംഗം നടക്കും. ഒന്നാമത് ഹിന്ദുമത പരിഷതിനോടനുബന്ധിച്ചുള്ള കുടികളുടെ മത്സര ഇനങ്ങള്‍ ഏപ്രില്‍ 12 നു ഞായറാഴ്ച നടക്കും.
പതിവുപോലെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭജനയോടെ ആരംഭിച്ച പരിപാടിയില്‍ കണ്ണന്, ഹരി ഗോവിന്ദ്, സന്തോഷ്, സുനില്‍, ജയലക്ഷ്മി, രമണി പന്തലൂര്‍, അഞ്ജന ഹരി ഗോവിന്ദ് എന്നിവര്‍ ആലപനത്തിലും, യുതാന് ശിവദാസ് മൃദഗത്തിലും രാജന് ചിരയന്കീഴു തകിലിലും പകമേളം ഒരുക്കി. തുടര്‍ന്ന് അനുഗ്രഹീത ഗായകന് നവനീത് ജയന് ഹംസധ്വനി രാഗത്തില്‍ ‘വാതാപി ഗണപതിം ഭജേഹം’ എന്ന കൃതിയും സ്വാതി തിരുനാളിന്റെ തിലാനയും പാടി സദസില്‍ ശുദ്ധ സംഗീതത്തിന്റെ സുഗന്ധം പരത്തി. മൂകാംബിക ദേവിയെ പാടി സ്തുതിച്ചാണ് എല്ലാ മലയാളികളുടെയും പ്രിയങ്കരനായ ഗായകന് ശ്രീ സുധീഷ് സദാനന്ദന് അദ്ധേഹത്തിന്റെ ഗാനാര്ചന തുടങ്ങിയത്. ‘വടക്കുംനാഥ സര്‍വം നടത്തും നാഥ’ എന്ന ഗാനം പ്രത്യേകം ശ്രദ്ധിക്കപെട്ടു.
അതിനുശേഷം പ്രധാന ചടങ്ങായ ലളിത സഹസ്രനാമ അര്‍ച്ചനക്ക് തുടക്കമായി. പൂജാരി മുരളി അയ്യര്‍ മന്ത്ര ജപത്തോടെ ദേവിയെ ആവഹിച്ചതിനുശേഷം നാമാര്ച്ചനക്ക് ഇരിക്കുന്ന ഭക്തരുടെ വിളക്കുകളില്‍ ദീപം തെളിയിച്ചു. പീന്നീടുള്ള ഒരു മണിക്കൂറോളം സമയം വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര് മന്ത്ര മുഖരിതമായി. കുങ്കുമം, അക്ഷതൈ, പൂക്കള്‍ എന്നിവകൊണ്ട് അര്‍ച്ചന നടത്തിയ ഭക്തര്‍ അമ്മക്ക് ശര്‍ക്കര പായസം നിവേദിച്ചു. നിവേദ്യത്തിനുശേഷം ‘യോ മാം പുഷ്പം വേദ …’ എന്ന് തുടങ്ങിയ മന്ത്രപുഷ്പ ജപത്തോടെ ലളിത സഹസ്രനാമ അര്‍ച്ചന പൂര്‍ണമായി. കേരളീയ ക്ഷേത്രങ്ങളിലെ കേളി കൊട്ടിനെ അനുസ്മരിപിച്ച് കൊണ്ട് അസുരവാദ്യമായ ചെണ്ടയില്‍ സുനില്‍, സന്തോഷ്, സന്തോഷ് കുമാര്‍ പിള്ള എന്നിവര്‍ താളവിസ്മയം തീര്‍ത്തത് ഭക്തര്‍ക്ക് ഒരു നവ്യാനുഭവം ആയി. യു കെ യില്‍ തന്നെ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ഒരു ഹൈന്ദവ ചടങ്ങിനോടനുബന്ധിച്ചു ചെണ്ട കൊട്ടുന്നത്. സര്‍വ മംഗളകാരിയായ ദേവിയുടെ ദീപാരാധന ഭക്തി നിര്‍ഭരമായിരുന്നു. മംഗള ആരതിക്ക് ശേഷം അര്‍ച്ചന പ്രസാദവും അന്നദാനവും നുകര്‍ന്ന് ഭക്തര്‍ കൃതാര്ഥയോടെ മടങ്ങി. ഇനി അടുത്ത സത്സഗത്തിനുള്ള കാത്തിരിപ്പ്..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല