1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2015

സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ മൂന്നു ദളിത് പെണ്‍കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടികളെ മാനഭംഗത്തിനു ശേഷം കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ടവരില്‍ രണ്ടു പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ കടിയാരി ഗ്രാമത്തില്‍ നിന്നുള്ളവരാണ്. സംഭവം മാനഭംഗമാണോ എന്ന് വ്യക്തമാക്കിയില്ലെങ്കിലും പെണ്‍കുട്ടികളുടെ കഴുത്തിലും തലയിലും മുറിവുകള്‍ ഉള്ളതായി അധികൃതര്‍ വെളിപ്പെടുത്തി.

18, 13, 9 എന്നീ പ്രായക്കാരായ പെണ്‍കുട്ടികള്‍ വെള്ളിയാഴ്ച ഉച്ചയോടെ കാലിത്തീറ്റ ശേഖരിക്കാനായി സമീപത്തെ വയലുകളിലേക്ക് പോയതായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ രാത്രി വൈകിയും ഇവര്‍ തിരിച്ച് എത്താത്തതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ സമീപപ്രദേശങ്ങള്‍ അരിച്ചു പെറുക്കി.

തുടര്‍ന്നാണ് അടുത്ത ദിവസം സമീപത്തെ വയലില്‍ വച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നും ഡിയോറിയ എസ്പി മനോജ് കുമാര്‍ അറിയിച്ചു. പോലീസ് കേസ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ പേരില്‍ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.