സ്വന്തം ലേഖകന്‍: ആധുനിക സിംഗപ്പൂരിന്റെ പിതാവും ആദ്യ പ്രധാനമന്ത്രിയുമായിരുന്ന ലീ ക്വാന്‍ യൂ അന്തരിച്ചു. 91 വയസായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലീ. ഇന്നു പുലര്‍ച്ചെ 3.18 നായിരുന്നു മരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ലീയുടെ സംസ്കാരം 29 നു നടക്കും. സിംഗപ്പൂര്‍ സര്‍ക്കാര്‍ രാജവ്യാപകമായി ഒരാഴ്ചത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ലീ ക്വാന്‍ ഭാര്യയും മൂന്ന് മക്കളുമുണ്ട്. അവികസിതമായിരുന്ന ചെറിയ തുറമുഖ നഗരത്തെ ആഗോള വിനോദ സഞ്ചാര, വാണിജ്യ കേന്ദ്രമാക്കി മാറ്റിയതില്‍ പ്രധാന പങ്കു വഹിച്ച ലീ മൂന്ന് പതിറ്റാണ്ടുകാലം സിംഗപ്പൂര്‍ ഭരിച്ചു.
1990 ഭരണം ഒഴിഞ്ഞ ലീ തുടര്‍ന്നും രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു. മരണ സമയത്തും അദ്ദേഹം പാര്‍ലമെന്റ് അംഗമായിരുന്നു. ദാരിദ്രവും പകര്‍ച്ച വ്യാധികളും കാരണം വലയുകയായിരുന്ന സിംഗപ്പൂരിനെ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നവും സുന്ദര്വുമായ രാഷ്ട്രമാക്കി മാറ്റുന്നതില്‍ ലീയുടെ പങ്ക് താരതമ്യം ചെയ്യാന്‍ കഴിയാത്തതാണ്.
1923 ല്‍ സിംഗപ്പൂരിലെ കംപോങില് ജനിച്ച ലീ തെലോക് കുറാവു സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരില്‍ സ്കോള!ര്‍ഷിപ്പോടെ ഉപരിപഠനം. പഠന കാലത്ത് ക്രിക്കറ്റ്,? ടെന്നീസ്,? ചെസ് എന്നിവയില്‍ മികവു പുലര്‍ത്തിയ ആളായിരുന്നു ലീ.
രണ്ടാം ലോക മഹായുദ്ധം നടന്ന 1942 ? 45 കാലത്ത് ലീയുടെ യൂണിവേഴ്സിറ്റി പഠനത്തിന് തടസം നേരിട്ടു. പിന്നീട് ജാപ്പനീസ് ഭാഷ സ്വായത്തമാക്കിയ ലീ അപ്പൂപ്പന്റെ സുഹൃത്തിന്റെ കമ്പനിയില്‍ ഗുമസ്തനായി ജോലി നോക്കി. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ പഠനം തുടര്‍ന്ന ലീ കേംബ്രിഡ്ജിന് കീഴിലുള്ള ഫിറ്റ്സ് വില്യം കോളേജില്‍ നിന്ന് നിയമം പഠിച്ചു. 1954 ല്‍ കമ്മ്യൂണിസ്റ്റ് അനുഭാവികളായ തൊഴിലാളികളുമായി ചേര്‍ന്ന് പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി രൂപീകരിച്ചതോടെ സജീവ രാഷ്ട്രീയത്തില്‍ പ്രവേശീച്ച ലീ 1959 ല്‍ അധികാരത്തില്‍ എത്തി.
അദ്ദേഹത്തിന്റെ മകനായ ലീ സിയന് ലൂങാണ് സിംഗപ്പൂരിലെ ഇപ്പോഴത്തെ പ്രധാനമന്ത്രി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല