സ്വന്തം ലേഖകന്‍: കടബാധ്യതകളില്‍ പെട്ട് നട്ടം തിരിയുന്ന ഗ്രീസും യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മ്മനി കൈകോര്‍ക്കുന്നു. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്ക്കേലും ഗ്രീക്ക് പ്രധാന മന്ത്രി അലക്സിസ് സിപ്രാസും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാനമായ മേഖലകളില്‍ സഹകരണത്തിന് ധാരണയായി.
പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം സിപ്രാസിന്റെ ആദ്യ ജര്‍മ്മന്‍ സന്ദര്‍ശനമാണിത്. ചര്‍ച്ചയില്‍ ഗ്രീസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള പുതിയ ചെലവു ചുരുക്കല്‍ നയങ്ങള്‍ ജര്‍മ്മനി നിദ്ദേശിച്ചെങ്കിലും അവ അപര്യാപ്തമാണെന്നാണ് സിപ്രാസിന്റെ നിലപാട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ധനസഹായത്തിനു പകരമായി നിര്‍ദ്ദേശിക്കപ്പെട്ട ബജറ്റ് ഉടച്ചു വാര്‍ക്കലുകള്‍ ഗ്രീസിനു കൂടുതല്‍ ഉപദ്രവമാണ് ഉണ്ടാക്കിയത് എന്ന് സിപ്രാസ് അഭിപ്രായപ്പെട്ടു.
രാജ്യത്ത് അനുദിനം വര്‍ധിച്ചു വരുന്ന അഴിമതിയും നികുതി വെട്ടിപ്പും തടയാനുള്ള അടിയന്തിര നടപടികളാണ് രാജ്യത്തിന് ആവശ്യമെന്ന് സിപ്രാസ് അഭിപ്രായപ്പെട്ടു. ഗ്രീക്ക് സമ്പദ്വ്യവസ്ഥ അതിന്റെ തൊഴിലില്ലായ്മ പ്രശ്നത്തെ അതിജീവിച്ച് വളരണമെന്നാണ് ആഗ്രഹിക്കുന്നത് എന്ന് മെര്‍ക്കേല്‍ പറഞ്ഞു. ഒപ്പം യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗരാജ്യങ്ങളേയും തുല്യരായാണ് കാണുന്നതെന്നും എല്ലാവരുമായും ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിക്കാനാണ് ജര്‍മ്മനി ആഗ്രഹിക്കുന്നതെന്നും മെര്‍ക്കേല്‍ വ്യക്തമാക്കി.
കൂടിക്കാഴ്ച വളരെ ഇരുരാജ്യങ്ങളുടേയും സഹകരണത്തില്‍ ഏറെ ഗുണം ചെയ്തതായി മെര്‍ക്കേല്‍ വിലയിരുത്തി. ഇടതുപക്ഷക്കാരനായ സിപ്രാസിന്റെ പുതിയ സാമ്പത്തിക പരിഷ്ക്കരണങ്ങള്‍ ജര്‍മ്മനി മാത്രമല്ല, യൂറോസോണിലെ എല്ലാ ധനമന്ത്രിമാരുടേയും പരിഗണനക്ക് വിടും.
കഴിഞ്ഞയാഴ്ച ബ്രസല്‍സില്‍ നടന്ന ഒരു യോഗത്തില്‍ കൂടുതല്‍ കടം ലഭ്യമാക്കുന്നതിനായി പുതിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ അടങ്ങിയ ഒരു പട്ടിക ഗ്രീസ് യൂറോപ്യന്‍ യൂണിയന് സമര്‍പ്പിച്ചിരുന്നു. നിലവില്‍ ഗ്രീസിന് രണ്ടു ബില്യണ്‍ യൂറോ സാമ്പത്തിക സഹായം നല്‍കാമെന്നാണ് യൂറോപ്യന്‍ യൂണിയന് നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല