സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹിന്ദി ചിത്രം ക്വീനിലെ അഭിനയത്തിന് കങ്കണ റണൗത്ത് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കന്നഡ ചിത്രം നാനു അവനല്ല, അവളു എന്ന ചിത്രത്തിലെ അഭിനയത്തിന് സഞ്ചാരി വിജയ് മികച്ച നടനുള്ള പുരസ്കാരം നേടി. മേരികോം ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
ഹൈദറിലെ ഗാനത്തിനു സുഖ്വിന്ദര് സിങ് മികച്ച ഗായകനായും തമിഴ് ചിത്രം സൈവത്തിലെ ഗാനത്തിന് ഉത്തര ഉണ്ണികൃഷ്ണന് മികഛ്ക ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു. മറാഠി ചിത്രമായ കോര്‍ട്ടാണ് മികച്ച ചിത്രം.
നോണ്‍ ഫീച്ചര്‍ (ഹ്രസ്വ ചലച്ചിത്രം) വിഭാഗത്തില്‍ മലയാളി ചലച്ചിത്രകാരന് ജോഷി ജോസഫിന് പ്രത്യേക പുരസ്കാരം ലഭിച്ചു. തമിഴ് ചിത്രം ജികര്‍ തണ്ടയുടെ എഡിറ്റിങ്ങിന് വിവേക് ഹര്ഷനും പുരസ്കാരം ലഭിച്ചു. സൈവത്തിലെ ഗാനാലാപനത്തിന് മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ട ഉത്തര, ഗായകന് ഉണ്ണികൃഷ്ണന്റെ മകളാണ്.
മലയാളത്തിന് പ്രധാന പുരസ്കാരങ്ങള്‍ ഒന്നും ലഭിച്ചില്ല. സിദ്ധാര്‍ഥ ശിവയുടെ ഐനാണ് മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം ജയരാജിന്റെ ഒറ്റാല് സ്വന്തമാക്കി.
മലയാളത്തിനു ലഭിച്ച മറ്റു പുരസ്കാരങ്ങള്‍ ഇവയാണ്, മികച്ച തിരക്കഥ: ജോഷി മംഗലത്ത് (ഒറ്റാല്), മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശം മുസ്തഫ (ഐന്‍), മികച്ച പശ്ചാത്തല സംഗീതം: ഗോപീസുന്ദര്‍ (1983). മികച്ച നടനുള്ള പുരസ്കാരത്തിനായുള്ള മത്സരത്തില്‍ മമ്മൂട്ടി അവസാന നിമിഷം വരെയെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല