സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കാന്‍ ഫിനൈലിനു പകരം ഗോമൂത്രത്തില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ഗോനൈല്‍ ഉപയോഗിക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയുടെ നിര്‍ദേശം. പരിസ്ഥിതി സൗഹൃദ ശുചീകരണം ആയതിനാലാണ് ഗോമൂത്രത്തില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ഗോനൈല്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചതെന്ന് മനേകാ ഗാന്ധി വ്യക്തമാക്കി.
ഫിനൈല്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കേന്ദ്രീയ ബന്ദറിന്റെ കീഴിലുള്ള സഹകരണ സ്റ്റോറുകള്‍ വഴിയാണ് ഗോനൈല്‍ വ്യാപകമായി വിതരണം ചെയ്യുക. ഹോളി കൗ ഫൗണ്ടേഷന് എന്ന സന്നദ്ധ സംഘടനക്കാണ് കേന്ദ്രീയ ബന്ദറിന് ഗോനൈല്‍ വിതരണം ചെയ്യേണ്ട ചുമതല.
പദ്ധതി പരിസ്ഥിതി സൗഹൃദവും പശുക്കള്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കുന്നതും ആണെന്നാണ് മനേകാ ഗാന്ധിയുടെ വാദം. രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ പ്രതിവര്‍ഷം 20 ലക്ഷം രൂപയുടെ ഫിനൈല്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് എകദേശ കണക്ക്. ഈ ഫിനൈലിന് പകരം ഘട്ടം ഘട്ടമായി ഗോനൈല്‍ ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഗോനൈല്‍ ഉപയോഗിക്കാനുളള തീരുമാനം ‘പശുക്കളെ സംരക്ഷിക്കുന്നതിനും രാജ്യത്തെ സേവിക്കുന്നതിനും’ വേണ്ടിയുള്ളത് ആയിരിക്കുമെന്ന് ഹോളി കൗ ഫൗണ്ടേഷന് മേധാവി അനുരാദ മോഡി പറയുന്നു. ഗൊനൈല്‍ നിര്‍മ്മാണം വളരെ ശാസ്ത്രീയമാണെന്നും അവര്‍ അവകാശപ്പെട്ടു. പശുമൂത്രം കൊണ്ടുളള ഗോനൈല്‍ നിലം വൃത്തിയാക്കുന്ന കാര്യത്തില്‍ ഫിനൈലിനോളം വരില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല