സ്വന്തം ലേഖകന്‍: ഇന്ത്യയും ഖത്തറും തമ്മില്‍ സുപ്രധാനമായ ആറു കരാറുകളില്‍ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളിലേയും തടവുകാരെ പരസ്പരം കൈമാറാനുള്ള തീരുമാനമാണ് കരാറുകളില്‍ പ്രധാനം. ഇതനുസരിച്ച് ഏറെക്കാലമായി ഖത്തര്‍ ജയിലുകളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ തടവുകാരെ ഇന്ത്യയിലേക്ക് കൊണ്ടു വരും.
ഇത്തരം തടവുകാര്‍ക്ക് ശിക്ഷയുടെ ബാക്കി കാലാവധി ഇന്ത്യയിലെ ജയിലില്‍ അനുഭവിച്ചാല്‍ മതിയെന്ന ആനുകൂല്യം ലഭിക്കും. അതു പോലെ ഇന്ത്യന്‍ ജയിലുകളിലുള്ള ഖത്തര്‍ പൌരന്മാരെ ഖത്തറിനും കൈമാറും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ അഹമ്മദ് അല്‍താനിയും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.
വാര്‍ത്താ വിതരണ, വിവര സാങ്കേതിക രംഗത്ത് സഹകരണത്തിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ശാസ്ത്രീയ ഗവേഷണത്തിനും പഠനത്തിനുമായി ഇന്ത്യയിലെ മീറ്റിയോറോളജിക്കല്‍ വകുപ്പും ഖത്തറിലെ എര്‍ത്ത് സയന്‍സസ് വകുപ്പും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു.
വിദേശ കാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഫോറിന് സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും ഖത്തറിലെ ഡിപ്ളോമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മിലുള്ളതാണ് മറ്റൊരു സുപ്രധാന കരാര്‍. ദൂരദര്‍ശനും ഖത്തര്‍ മീഡിയ കോര്‍പ്പറേഷനും തമ്മില്‍ പരിപാടികള്‍ കൈമാറാനും ധാരണയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല