1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2015

സ്വന്തം ലേഖകന്‍: അങ്ങനെ ലോകകപ്പിലെ ഇന്ത്യയുടെ കുതിപ്പിന് അവസാനമായി. ലോകകപ്പ് സെമിഫൈനലില്‍ ആസ്‌ട്രേലിയ ഇന്ത്യയെ 95 റന്‍സിനു തോല്‍പ്പിച്ച് മടക്ക ടിക്കറ്റ് നല്‍കി.

ഓസീസ് ഉയര്‍ത്തിയ 329 റണ്‍സ് എന്ന റണ്മല നേരിടാന്‍ കഴിയാതെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ മുട്ടുമടക്കുകയായിരുന്നു. വന്‍ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 46.5 ഓവറില്‍ 233 റണ്‍സിന് എല്ലാവരും പുറത്തായി.

നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആസ്‌ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെടുത്തു. സെഞ്ചുറി നേടിയ സ്റ്റീവന്‍ സ്മിത്തും (105) അര്‍ധസെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ചുമാണ് (81) ആസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ആസ്‌ട്രേലിയക്ക് വേണ്ടി ഫോക്‌നര്‍ മൂന്നും സ്റ്റാര്‍ക്കും ജോണ്‍സണും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. അര്‍ധശതകം നേടിയ ക്യാപ്റ്റന്‍ ധോനി (65), ശിഖര്‍ ധവാന്‍ (45), അജിങ്ക്യ രഹാനെ (44), രോഹിത് ശര്‍മ (34) എന്നിവര്‍ മാത്രമാണ് ഇന്ത്യക്കു വേണ്ടി അല്‍പ്പമെങ്കിലും ക്രീസില്‍ പിടിച്ചു നിന്ന് പൊരുതി നോക്കിയത്. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി.

അതേസമയം മത്സര ശേഷം ഏകദിനങ്ങളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി സൂചന നല്‍കി. മറുപടി ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ തുടക്കത്തില്‍ ലഭിച്ച മുന്‍തൂക്കം നിലനിര്‍ത്താനാവാതെ പോയതാണ് ഇന്ത്യയുടെ പരാജയ കാരണമെന്ന് ധോണി പറഞ്ഞു. മുന്നൂറിലധികം വരുന്ന സ്‌കോര്‍ പിന്തുടരുകയെന്നത് കനത്ത വെല്ലുവിളിയുയര്‍ത്തിയെന്നും നല്ലൊരു സ്‌കോറിലെത്താന്‍ മികച്ച ഒരു കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിക്കാതെ പോയത് തിരിച്ചടിയായെന്നും ധോണി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.