സ്വന്തം ലേഖകന്‍: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ യെമനില്‍ വ്യോമാക്രമണം തുടങ്ങിയതോടെ സൗദിയുടെ ദക്ഷിണ മേഖലയില്‍ സുരക്ഷ ശക്തമാക്കി. യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഭാഗത്തെ എഴ് വിമാനത്താവളങ്ങള്‍ രാവിലെ മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ജീസാന്, അബ്ഹ, വാദി ദവാസിര്‍, ബീഷ, ഷാറൂറ, നജ്റാന്, അല്‍ബാഹ എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടിരിക്കുന്നത്.
അടച്ചിട്ട വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതായി സൗദി സിവില്‍ എവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങളിലേക്കുള്ള എല്ലാ ബുക്കിങുകളും റദ്ദാക്കുകയും ചെയ്തു. ഇന്ന് കാലത്തു മുതലാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്.
അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ സ്ഥിതി തുടരുമെന്നാണ് സൂചന. ബുക്കിങ് സംബന്ധമായ വിവരങ്ങള്‍ യാത്രക്കാരെ സിവില്‍ എവിയേഷന്‍ അഥോരിറ്റി എസ്എംഎസ് മുഖേന നേരിട്ട് അറിയിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. 1800 കിലോമീറ്റര്‍ അതിര്‍ത്തിയാണ് സൗദിക്കും യെമനും ഇടയിലുള്ളത്.
വിമാനങ്ങള്‍ റദ്ദാക്കിയത് കണക്ഷന് വിമാനങ്ങള്‍ വഴി നാട്ടില്‍ നിന്ന് വരാനുള്ളവരും സ്വദേശത്തേക്ക് പോകേണ്ടവരുമായ മലയാളികള്‍ അടക്കമുള്ള പ്രവാസികളെയും മറ്റ് യാത്രക്കാരെയും വലച്ചിട്ടുണ്ട്.
സൗദി പ്രതിരോധ മന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അസീസ് വ്യോമാക്രമണത്തിന് നേതൃത്വം നല്കുന്ന സൈനിക കേന്ദ്രത്തിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല