സ്വന്തം ലേഖകന്‍: ജര്‍മ്മന്‍ വിംഗ്സിന്റെ വിമാനം ആല്‍പ്സ് പര്‍വത നിരകളില്‍ ഇടിച്ചിറക്കി 149 പേരുടെ മരണത്തിന് ഇടയാക്കിയ സഹ പൈലറ്റ് ആന്‍ഡ്രിയാസ് ലൂബിറ്റ്സിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. ലൂബിറ്റ്സ് സഹ പൈലറ്റിനെ കോക്ക്പിറ്റിനു പുറത്താക്കിയതിനു ശേഷം വിമാനം മലനിരകളിലേക്ക് ഇടിച്ചിറക്കുകയായിരുന്നു എന്ന് നേരത്തെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധനയില്‍ തെളിഞ്ഞിരുന്നു.
തുടര്‍ന്ന് ലൂബിറ്റ്സിന്റെ ഡുസല്ഡോര്ഫിലുള്ള ഫ്ലാറ്റ് അരിച്ചു പെറുക്കിയ ജര്‍മ്മന്‍ പോലീസ് നിര്‍ണായകമായ തെളിവുകള്‍ കണ്ടെത്തിയെന്നാണ് സൂചന. കേസില്‍ വഴിത്തിരിവുണ്ടാക്കുന്ന ചില വസ്തുക്കള്‍ കണ്ടെത്തിയെന്നും അവ വിശദ പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇതില്‍ പൈലറ്റിന്റെ ആത്മഹത്യാ കുറിപ്പ് ഉണ്ടോയെന്ന് വ്യക്തമല്ല.
ജര്‍മ്മനിയിലെ തന്നെ മോണ്ടാബോറിലുള്ള ലൂബിറ്റ്സിന്റെ മാതാപിതാക്കളുടെ വസതിയിലും പോലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് രേഖകളും ഒരു കമ്പ്യൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. ഇരുപത്തേഴുകാരനായ ലൂബിറ്റ്സ് ഈ രണ്ടു സ്ഥലങ്ങളിലുമായി മാറിമാറി താമസിക്കുകയായിരുന്നു.
എന്നാല്‍ അപകടം സംഭവിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കൃത്യമായ ഒരു വിശദീകരണം നല്‍കാനാവതെ കുഴങ്ങുകയാണ് ജര്‍മ്മനിയിലേയും ഫ്രാന്‍സിലേയും അന്വേഷകര്‍. ലൂബിറ്റ്സ് മനപൂര്‍വം സഹ പൈലറ്റ് പുറത്തിറങ്ങിയ സമയത് കോക്ക്പിറ്റ് അകത്തു നിന്ന് പൂട്ടുകയും, എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ മുന്നറിയിപ്പ് വകവക്കാതെ വിമാനത്തിന്റെ ഉയരം പൊടുന്നനെ കുറച്ച് ആല്‍പ്സിലേക്ക് കൂപ്പു കുത്തുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ ഇത്തരമൊരു ഭ്രാന്തന് ചെയ്തിയിലേക്ക് ലൂബിറ്റ്സിനെ നയിച്ച വികാരം എന്താനെന്ന് ഒരു പിടിയും കിട്ടാതെ ഉഴലുകയാണ് അന്വേഷകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല