സ്വന്തം ലേഖകന്‍: കാശ്മീര്‍ നിയമസഭയില്‍ കേരള മോഡല്‍ കൂട്ടത്തല്ലില്‍ കോണ്‍ഗ്രസ്, ബിജെ.പി അംഗങ്ങള്‍ തമ്മിലടിച്ചു. കേരള നിയമസഭയില്‍ മാര്‍ച്ച് 13 അരങ്ങേറിയ സംഭവങ്ങളുടെ തനിയാവര്‍ത്തനം ആയിരുന്നു കാശ്മീര്‍ നിയമസഭയില്‍.
കേന്ദ്ര സര്‍ക്കാരിന് ജമ്മു കാശ്മീരിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തെ കോണ്‍ഗ്രസ്,? നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങളും ഭരണപക്ഷത്തെ പിഡിപി, ബിജെപി അംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. അടി നടക്കുമ്പോള്‍ സഭാ നടപടികള്‍ കണ്ടു പഠിക്കാന്‍ എത്തിയ ഒരു കൂട്ടം സ്‌കൂള്‍ കുട്ടികളും നിയമസഭയില്‍ ഉണ്ടായിരുന്നു.
ഇന്നലെ രാവിലെ സഭ കൂടിയപ്പോഴാണ് കശപിശയുടെ തുടക്കം. കാശ്മീര്‍ സര്‍ക്കാര്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതിനെ ചോദ്യം ചെയ്ത് ഭരണപക്ഷം രംഗത്തെത്തിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ഭരണപക്ഷത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിപക്ഷത്തെ തടഞ്ഞത് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.
ഇതോടെ സഭാംഗങ്ങള്‍ പരസ്പരം ഇടിക്കുകയും കടലാസുകള്‍ വലിച്ചെറിയുകയും ചെയ്തു. ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളരെ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. സഭാ നടപടികള്‍ വീക്ഷിക്കാനെത്തിയ സ്‌കൂള്‍ കുട്ടികളെ ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് കാണിച്ചതെന്നും അവരാരും തന്നെ അവിടെ നിന്നും നല്ല അഭിപ്രായവും ആയിട്ടാകില്ല മടങ്ങിയിട്ടുണ്ടാകുക എന്നും പിഡിപി നേതാവ് നെയീം അക്തര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല