സ്വന്തം ലേഖകന്‍: ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും ബിഷപ്പുമാര്‍ ആകുകയെന്ന അപൂര്‍വത ഇനി മുതല്‍ വൈറ്റ് ദമ്പതികള്‍ക്ക് സ്വന്തം. അലിസണ് വൈറ്റിനെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ബിഷപ്പ് ആയി നാമനിര്‍ദേശം ചെയ്തതോടെയാണ് ഭാര്യാ ഭര്ത്താക്കന്മാര് ഇരുവരും ബിഷപ്പുമാര്‍ ആകുന്ന സാഹചര്യമുണ്ടായത്.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ ബിഷപ് ആവും അമ്പത്തെട്ടുകാരിയായ അലിസണ് വൈറ്റ്. ജൂലൈ മൂന്നിനു യോര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ അവര്‍ ഹള്‍ ബിഷപ് ആയി സ്ഥാനമേല്‍ക്കും.
അലിസണ് വൈറ്റിന്റെ ഭര്‍ത്താവ് ഫ്രാങ്ക് വൈറ്റ് ന്യൂകാസിലിലെ ഡപ്യൂട്ടി ബിഷപ്പ് ആണ്. ബിഷപ്പിന്റെ അതേ പദവിയാണു ഡപ്യൂട്ടി ബിഷപ്പിനും. ബിഷപ്പിന്റെ സ്ഥാനം ന്യൂകാസിലില്‍ ഒഴിഞ്ഞുകിടപ്പാണ്.
33 കൊല്ലം മുന്‍പു വിവാഹിതരായ ഫ്രാങ്ക് വൈറ്റിനും അലിസണ് വൈറ്റിനും കുട്ടികളില്ല. കഴിഞ്ഞ ജനുവരിയിലാണു ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ആദ്യമായി ഒരു വനിതാ ബിഷപ്പിനെ നാമ നിര്‍ദ്ദേശം ചെയ്തത്, ലിബി ലേന്‍. 1992 ലാണ് ഇംഗ്ലണ്ടില്‍ വൈദികരായി വനിതകളെ നിയമിച്ചുതുടങ്ങിയത്. ഇപ്പോള്‍ വൈദികരില്‍ മൂന്നിലൊരു ഭാഗവും വനിതകളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല