സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. നാല്പതു വയസായിരുന്നു. പൊളനരൂവ പട്ടണത്തില്‍ വ്യവസായിയായ പ്രിയന്ത സിരിസേനയെ ഒരു തര്‍ക്കത്തെത്തുടര്‍ന്ന് ഒരാള്‍ കോടാലികൊണ്ട് വെട്ടുകയായിരുന്നു.
വ്യാഴാഴ്ചയാണ് പ്രിയന്ത സിരിസേനയ്ക്ക് വെട്ടേറ്റ സംഭവം നടന്നത്. തലക്ക് ഗുരുതരമായി പരുക്കേറ്റ പ്രിയന്തയെ ആദ്യം പൊളനരൂവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കൊളംബോയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 12 അംഗങ്ങളുള്ള കുടുംബത്തിലെ ഏറ്റവും ഇളയയാളാണ് പ്രിയന്ത സിരിസേന.
മറ്റ് ശ്രീലങ്കന്‍ പ്രസിഡന്റുമാരുടെ രീതിയ്ക്ക് വിപരീതമായി പ്രസിഡന്റ് മൈത്രിപാല സിരിസേന കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ല. തന്റെ സുരക്ഷയും അദ്ദേഹം വെട്ടി കുറച്ചിരുന്നു. ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മഹിന്ദ രജപക്ഷെയെ പരാജയപ്പെടുത്തിയാണ് സിരിസേന അധികാരത്തിലെത്തിയത്.
ചൈനയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന പ്രസിഡന്റ് സിരിസേന സഹോദരന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുമോ എന്ന് വ്യക്തമല്ല. പ്രിയന്ത സിരിസേനയെ ആക്രമിച്ച ലക്മല്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല