സ്വന്തം ലേഖകന്‍: ലണ്ടനിലേക്കു പറക്കുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍ ഒരു സംഘം നടത്തിയ ശ്രമം പൈലറ്റിന്റെ ഉറച്ച നിലപാടു കാരണം പാളി. യാത്രക്കാരായ ആറുപേരാണ് റാഞ്ചല്‍ നാടകത്തിനു ശ്രമിച്ചതെന്ന് ദേശീയ ദിനപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ദിവസങ്ങള്‍ക്കു മുമ്പാണ് റാഞ്ചല്‍ ശ്രമം നടന്നത്. ഒരു യാത്രക്കാരന് രോഗം നടിച്ച് അവശനായി. ഉടനെ മറ്റ് അഞ്ചുപേര്‍ ഡോക്ടര്‍മാര്‍ എന്ന് അവകാശപ്പെട്ട് അയാളെ പരിശോധിച്ചു. ആരോഗ്യനില മോശമാണെന്നും അടിയന്തരമായി വിമാനം എവിടെയെങ്കിലും ഇറക്കാന്‍ പൈലറ്റിനെ കാണണമെന്നും അവര്‍ ശഠിച്ചു.
എന്നാല്‍, കോക്പിറ്റിലേക്ക് അവരെ കയറ്റാനോ, പുറത്തിറങ്ങി അവരെ കാണാനോ പൈലറ്റ് തയ്യാറായില്ല. സംഘം ബഹളം ഉണ്ടാക്കുകയും കണ്ടേതീരൂ എന്ന് വാശി പിടിക്കുകയും ചെയ്തു. കോക്പിറ്റ് തുറക്കുന്ന പ്രശ്നമില്ലെന്നും താന്‍ പുറത്തിറങ്ങില്ലെന്നും പൈലറ്റ് ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെ സംഘത്തിന്റെ നീക്കം വിഫലമായി.
ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പാകിസ്ഥാന്‍കാരാണെന്നും അവരുടെ പ്രവൃത്തികള്‍ സംശയാസ്പദമാണെന്നും ബോധ്യമായി. എന്നാല്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാത്തതിനാല്‍ ഇവര്‍ക്കെതിരെ പരാതി കൊടുക്കാനോ നടപടി എടുക്കാനോ കഴിഞ്ഞിട്ടില്ല. ഇത്തരം നീക്കങ്ങള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കോക്പിറ്റില്‍ കടക്കാന്‍ ആരെയും അനുവദിക്കരുതെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് എല്ലാ സ്വകാര്യ വിമാനക്കമ്പനികള്‍ക്കും നിര്‍ദേശം കൊടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല