സ്വന്തം ലേഖകന്‍: നൊബേല്‍ സമ്മാന ജേതാവും സ്വീഡിഷ് മഹാകവിയുമായ ടോമാസ് ട്രാന്‍സ്ട്രൊമെര്‍ അന്തരിച്ചു. എണ്‍പത്തി മൂന്നു വയസായിരുന്നു. 2011 ലാണ് ട്രാന്‍സ്ഫോര്‍മര്‍ക്ക് സാഹിത്യ നൊബേല്‍ ലഭിച്ചത്. അറുപതിലേറെ ഭാഷകളിലേക്കു കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള ട്രാന്‍സ്ഫോര്‍മര്‍ക്ക് 1990 ല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് സംസാരശേഷിയും വലതുകൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടിരുന്നു. എങ്കിലും അദ്ദേഹം ഇടതുകൈ കൊണ്ട് കവിതയെഴുത്തു തുടര്‍ന്നു.
മനഃശാസ്ത്ര വിദഗ്ധനായി ജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് പൂര്‍ണസമയ കവിയായി. 1954 ല്‍ ഇരുപത്തി മൂന്നാം വയസില്‍ മനശ്ശാസ്ത്ര വിദ്യാര്‍ഥിയായിരിക്കെയാണ് 17 കവിതകള്‍ എന്ന ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചത്. ആറു ദശകം നീണ്ട കാവ്യജീവിതത്തില്‍ 16 കാവ്യ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്വീഡിഷ് ഭാഷയില്‍ ഏറ്റവും ബഹുമാനിക്കപ്പെട്ട കാവി വ്യക്തിത്വം ആയിരുന്നു ട്രാന്സ്ട്രൊമെറുടേത്. 1931 ഏപ്രില്‍ 15 നു സ്റ്റോക്കോമില്‍ ജനിച്ച ടോമാസ് ട്രാന്സ്ട്രൊമെറെ അമ്മയാണു വളര്‍ത്തിയത്. അച്ഛന് അവരെ ഉപേക്ഷിച്ചു പോയിരുന്നു. 1956 ല്‍ മനഃശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം തുടര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളികളുടെ കേന്ദ്രത്തില്‍ മനഃശാസ്ത്രജ്ഞനായി ജോലി ചെയ്തു.
ബാള്ട്ടിക്സ്, ഫോര്‍ ദ് ലിവിങ് ആന്‍ഡ് ദ് ഡെഡ്, വിന്‍ഡോസ് ആന്‍ഡ് സ്റ്റോണ്‍സ്, ഹാഫ് ഫിനിഷ്ഡ് ഹെവന്‍ എന്നിവയാണ് പ്രധാന സമാഹാരങ്ങള്‍. സുഹൃത്തും അമേരിക്കന്‍ കവിയുമായ റോബര്‍ട്ട് ബ്ലൈ അദ്ദേഹത്തിന്റെ ഒട്ടേറെ കവിതകള്‍ ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല