യെമനില്‍ പോരാട്ടം ശക്തമാക്കാന്‍ അറബ് രാജ്യങ്ങള്‍ തീരുമാനിച്ചു. ഈജിപ്റ്റില്‍ ചേര്‍ന്ന അറബ് ലീഗ് ഉച്ചകോടിയിലാണ് തീരുമാനം. കരയുദ്ധത്തിനുള്ള സാധ്യതയുണ്ടെന്നും യെമന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഹൂതി പോരാളികള്‍ ഇറാന്റെ പിണിയാളുകളാണെന്ന് യെമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദി ആരോപിച്ചു. ഉച്ചകോടിയില്‍ പങ്കെടുത്ത ഭൂരിപക്ഷം രാജ്യങ്ങളും യെമനിലെ സംഘര്‍ഷത്തിന് ഇറാനെ കുറ്റപ്പെടുത്തി.
ഷിയാ വിഭാഗമായ ഹൂതികളെ മുന്നില്‍ നിര്‍ത്തി യെമന്റെ നിയന്ത്രണം കൈയ്യടക്കാനാണ് ഇറാന്റെ നീക്കമെന്നും സുന്നി രാജ്യങ്ങള്‍ വിലയിരുത്തി. ഹൂതി വിമതര്‍ ആയുധം വച്ച് കീഴടങ്ങുന്നത് വരെ പോരാട്ടം തുടരണമെന്ന് പ്രസിഡന്റ ഹാദി അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. യെമനിലേക്ക് സംയുക്ത അറബ് സൈന്യത്തെ അയയ്ക്കണമെന്ന് ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍സിസി ആവശ്യപ്പെട്ടു.
അതേസമയം വിദേശ ശക്തികള്‍ക്ക് മുന്നില്‍ കീളടങ്ങില്ലെന്ന് ഹൂതികള്‍ പ്രതികരിച്ചു.
അതിനിടെ യെമനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്. യമനില്‍നിന്ന് വിമാനത്തില്‍ കയറ്റി ഇന്ത്യയിലേക്ക് കൊണ്ടുപോരുന്ന ആദ്യസംഘം നാളെയെത്തും. ഇതില്‍ 15 പേര് മലയാളികളാണ്. സനാ വിമാനത്താവളത്തില്‍നിന്നാണ് വിമാനം. ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്ന വിമാനം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി മാത്രമാണ് നാളെ തുറക്കുന്നത്. മൂന്നു മണിക്കൂര്‍ സമയമാണ് വിമാനത്താവള അധികൃതര്‍ ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്.
യെമനിലേക്ക് ആളുകളെ കയറ്റിക്കൊണ്ടു വരാന്‍ പോകേണ്ട രണ്ടു കപ്പലുകള്‍ ഇന്ന് അര്‍ദ്ധരാത്രി കൊച്ചിയില്‍നിന്ന് പുറപ്പെടുമെന്നാണ് വിവരം. ലക്ഷ്വദീപിലെ കവരത്തിയിലേക്ക് പോയ കപ്പലുകളെ തിരികെ വിളിച്ചാണ് ഇപ്പോള്‍ യെമനിലേക്ക് അയക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല