സ്വന്തം ലേഖകന്‍: ഇസ്ലാം മതവിശ്വാസികള്‍ ഹിന്ദു ക്ഷേത്രം പണിയുന്നത് അനിസ്ലാമികവും ശരീയത്ത് വിരുദ്ധവുമാണെന്ന് വ്യക്തമാക്കി പ്രമുഖ ഇസ്ലാം സ്ഥാപനമായ ബറേല്‍വി സെക്ട് ഫത്വ പുറപ്പെടുവിച്ചു. സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് മുലായം സിംഗ് യാദവിന് വേണ്ടി യുപി മന്ത്രി മൊഹ്ദ് അസം ഖാന് ക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് ഫത്വയിലേക്ക് വഴി തെളിച്ചത്.
ക്ഷേത്രം പണിയുമെന്ന മന്ത്രി അസം ഖാന്റെ പ്രഖ്യാപനം ഇസ്ലാമിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായാണോ എന്ന രാംപൂരിലെ ഫൈസല്‍ റാന്‍ ലാലയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഫത്വ പുറപ്പെടുവിച്ചത്.
ഇസ്ലാം മതവിശ്വാസപ്രകാരം അല്ലാഹുവിനെയല്ലാതെ മറ്റു ദൈവങ്ങളെ വിശ്വസിക്കുന്നതും ആരാധക്കുന്നതും തെറ്റാണെന്ന് മദ്രസര് ഇ ഇസ്ലാം പറഞ്ഞു. ക്ഷേത്രം പണിയാനുള്ള ഒരു മുസ്ലീമിന്റെ പ്രവര്‍ത്തനങ്ങള്‍ തെറ്റാണ്. അയാള്‍ കുറ്റക്കാരനും ശിക്ഷ അര്‍ഹിക്കുന്ന ആളുമാണ്.
അയാള്‍ വിവാഹിതനാണെങ്കില് തന്റെ തെറ്റ് ഏറ്റുപറഞ്ഞ ശേഷം ഭാര്യയെ വീണ്ടും വിവാഹം ചെയ്യണം. മുസ്ലീങ്ങള്‍ അയാളോട് ഇടപെടുന്നതും സംസാരിക്കുന്നതും അവസാനിപ്പിക്കണമെന്നും ഫത്വയില് വ്യക്തമാക്കുന്നു.
വളരെയധികം ആരാധകരുള്ള വളരെ പ്രശസ്തനായ നേതാവാണ് മുലായം സിംഗ് യാദവെന്നും സിനിമാ താരങ്ങള്‍ക്ക് വരെ ക്ഷേത്രമുള്ളപ്പോള്‍ അദ്ദേഹത്തിനും എന്തു കൊണ്ട് ഒരു ക്ഷേത്രം ആയിക്കൂടാ എന്നുമാണ് അസം ഖാന് ചോദിച്ചത്. ഇക്കാര്യം മുലായത്തെ അറിയിക്കുമെന്നും അദ്ദേഹം സമ്മതിച്ചാല്‍ ക്ഷേത്രം പണിയുമെന്നും അസം ഖാന് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല