1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2015

സ്വന്തം ലേഖകന്‍: ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ നിലവില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ കുവൈത്ത് യാത്ര മുടങ്ങിയേക്കും. ഏപ്രില്‍ 30 നു ശേഷം നഴ്‌സിംഗ് ജോലിക്ക് വിദേശത്തു പോകാന്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് അത്.

കൊച്ചിയിലും ബങ്കളുരുവിലുമായി നടക്കുന്ന റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി യാത്രക്ക് തയ്യാറാകുമ്പോഴേക്കും ഏപ്രില്‍ 30 കഴിയുമെന്നാണ് സൂചന.

സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്ക റൂട്ട്‌സ്, ഒഡെപെക് എന്നിവ വഴി നിയമനം ലഭിക്കുന്നവര്‍ക്ക് മാത്രമേ മേയ് ഒന്നു മുതല്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുകയുള്ളു. സ്വകാര്യ ഏജന്‍സികളാണ് ഇപ്പോഴത്തെ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഇവര്‍ വഴി തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഏപ്രില്‍ 30 നു ശേഷമാണ് യാത്ര ചെയ്യുന്നതെങ്കില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കണമെന്നില്ല.

ഏതാനും മാസമായി ഇന്ത്യയുടെ പല ഭാഗത്തുനിന്നും സ്വകാര്യ ഏജന്‍സികള്‍ വഴി കുവൈത്തിലേക്ക് നഴ്‌സ് നിയമന നടപടികള്‍ നടക്കുന്നുണ്ട്. കൊച്ചിയിലും ബങ്കുളുരുവിലുമാണ് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ നടന്നിട്ടുള്ളത്. സ്വകാര്യ ഏജന്‍സികളാണ് ഈ റിക്രൂട്ട്‌മെന്റുകള്‍ നടത്തിയിട്ടുള്ളത്. ഇവര്‍ 25 ലക്ഷം രൂപ വരെ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നുണ്ട് എന്നാണ് സൂചന.

വിദേശ നഴ്‌സ് നിയമനത്തിന്റെ മടവില്‍ വന്‍ കോഴ ഇടപാടുകള്‍ നടക്കുന്നുവെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള നഴ്‌സ് നിയമനം കേരള സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്ക റൂട്ട്‌സ്, ഒഡെപെക് എന്നിവ വഴി മാത്രമാക്കാന്‍ കഴിഞ്ഞാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഏപ്രില്‍ 30 നു ശേഷം പ്രാബല്യത്തില്‍ വരുന്ന ഉത്തരവ് നടപ്പാക്കുന്നതിന് കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികളും സ്വീകരിച്ചു തുടങ്ങി. ഈ സാഹചര്യത്തിലാണ് ഏപ്രില്‍ 30 നു മുമ്പ് സ്വകാര്യ ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് നടത്തിയ നഴ്‌സുമാരുടെ യാത്ര അനിശ്ചിതത്വത്തിലാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.