സ്വന്തം ലേഖകന്‍: പ്രവാസി മലയാളികളുടെ ഏറെ നാളത്തെ സ്വപ്നമായ എയര്‍ കേരളയുടെ ആദ്യ വിമാനം ഈ വര്‍ഷം നവംബറില്‍ കൊച്ചിയില്‍ നിന്നു പറന്നുയരും. കൊച്ചിന്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) ന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആദ്യഘട്ടത്തില്‍ 15 സീറ്റുകളുള്ള ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്താനാണ് പദ്ധതി. ന്യൂഡല്‍ഹി, മുംബൈ,ചെന്നൈ എന്നീ നഗരങ്ങളിലേക്കായിരിക്കും ആദ്യ സര്‍വീസുകള്‍ എന്നാണ് സൂചന. ഇതിനായി ചെറു വിമാനങ്ങള്‍ വാടകക്ക് എടുക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങള്‍ക്കു പുറമെ മധുര, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, സേലം, പോണ്ടിച്ചേരി, ബെല്‍ഗാം, മങ്കുളുരു എന്നീ ചെറു വിമാനത്താവളങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നതിനുള്ള സാധ്യതയും പഠന വിധേയമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റു ഗതാഗത സൗകര്യങ്ങള്‍, ഇവ ഉപയോഗിക്കാന്‍ യാത്രക്കാരന് എത്രത്തോളം പണച്ചെലവ് വരും തുടങ്ങിയ പഠനവും സിയാല്‍ നടത്തിയിട്ടുണ്ട്.
പ്രവാസി മലയാളികളില്‍ നിന്നും യാത്രകള്‍ സംബന്ധിച്ച് നിരന്തരം ഉണ്ടാകുന്ന പരാതികള്‍ കണക്കിലെടുത്താണ് കേരളം എയര്‍ കേരള പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇതിന്റെ ആദ്യപടിയായാണ് ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്നത്. അടുത്ത ഘട്ടത്തില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനാണ് സിയാല്‍ ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല