സ്വന്തം ലേഖകന്‍: ജനപ്രിയ അവതാരകനായ ജെറിമി ക്ലാര്‍ക്സണെ ബിബിസി പിരിച്ചു വിട്ടതിനു തൊട്ടു പിന്നാലെ ബിബിസി മേധാവിക്കുനേരെ വധഭീഷണി. ബിബിസി ഡയറക്ടര്‍ ജനറല്‍ ടോണി ഹാളിനാണ് ഇമെയിലില്‍ വധഭീഷണി ലഭിച്ചത്.
നേരത്തെ ബിബിസിയിലെ വാഹന സംബന്ധമായ ജനപ്രിയ പരിപാടി ടോപ് ഗിയറിന്റെ അവതാരകന് ജെറിമി ക്ലാര്‍ക്സണെ പുറത്താക്കുവെന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ചാനല്‍ അധികാരികള്‍ അറിയിച്ചത്. എന്നാല്‍ വാര്‍ത്ത പുറത്തു വന്നു മണിക്കൂറുകള്‍ക്കകം വധ ഭീഷണിയുമെത്തി.
ബ്രിട്ടനു പുറത്തുനിന്നാണു ഇമെയില്‍ അയച്ചതെന്നാണു സൂചന. ഭീഷണിയെ തുടര്‍ന്ന് ഹാളിനും ഭാര്യ സിന്തിയയ്ക്കും ഇരുപത്തിനാലു മണിക്കൂറും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓക്സ്ഫഡ്ഷറിലെ ഇവരുടെ വസതിയില്‍ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിച്ചു.
ടോപ് ഗിയര്‍ പരിപാടിയുടെ പ്രൊഡ്യൂസറുമായി ഉടക്കിയതാണ് ബ്രിട്ടനിലെ ഏറ്റവും ജനപ്രിയനായ അവതാരകനായ ജെറിമി ക്ലാര്‍ക്സന്റെ ജോലി തെറിപ്പിച്ചത്. പരിപാടിയുടെ ഷൂട്ടിംഗിനിടെ ജെറിമി ക്ലാര്‍ക്സണ്‍ പ്രൊഡ്യൂസറോട് കയര്‍ത്തു സംസാരിക്കുകയും കയ്യേറ്റം ചെയ്തതുമാണ് പ്രശ്നം വഷളാക്കിയത്.
പകല്‍ മുഴുവന്‍ നീണ്ട ഷൂട്ടിങ്ങിനുശേഷം ക്ലാര്ക്സന് ആവശ്യപ്പെട്ട ഭക്ഷണം എത്താതിരുന്നതാണ് ക്ലാര്‍ക്സണെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന്, പ്രൊഡ്യൂസര്‍ ഒയിസിന്‍ ടൈമണിനോടു ക്ലാര്ക്സന് ചൂടാവുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ പരാതി ഇല്ലെന്നാണു പ്രൊഡ്യൂസറുടെ നിലപാട്.
എന്നാല്‍ ക്ലാര്‍ക്സന്റെ ആരാധകര്‍ ടൈമണെ വെറുതെ വിടില്ലെന്ന ഉറച്ച നിലപാടിലാണ്. ടൈമണിന്റെ മരണമടുത്തെന്നും മറ്റും പറഞ്ഞ് ട്വിറ്റര്‍ ഭീഷണികളുടെ പ്രളയം തുടങ്ങിയിട്ടുണ്ട്. ബിബിസിയുടെ ഏറ്റവും ലാഭമുണ്ടാക്കുന്ന പരിപാടികളിലൊന്നായ ടോപ് ഗിയറിന് ഇരുനൂറ് രാജ്യങ്ങളിലായി ലക്ഷക്കണക്കിന് പ്രേക്ഷകരാണുള്ളത്. പത്തു ലക്ഷം പൗണ്ട് വാര്‍ഷിക പ്രതിഫലം വാങ്ങുന്ന ജെറിമി ക്ലാര്‍ക്സന്റെ മൂര്‍ച്ചയുള്ള നാക്കാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല