സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ എഴുത്തുകാര്‍ക്കെതിരെ മതഭ്രാന്തരുടെ ആക്രമണങ്ങള്‍ തുടരുകയാണ്. വാഷിഖ് റഹ്മാന് മിസ്ഹു എന്ന ബ്ലോഗറെയാണു മൂന്നംഗ സംഘം ഇന്നലെ രാവിലെ വെട്ടിക്കൊന്നത്. ഇരുപത്തേഴു വയസുള്ള വാഷിഖ് സ്വതന്ത്ര ആശയങ്ങളെക്കുറിച്ച് തന്റെ ബ്ലോഗില്‍ എഴുതിയതാണ് മതഭ്രാന്തരെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.
ആശയപരമായ എതിര്‍പ്പുകള്‍ കാരണമാണു വാഷിഖിനെ അക്രമികള്‍ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. സംഘത്തിലെ രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പിടിയിലായ രണ്ടുപേരും മതപാഠശാലാ വിദ്യാര്‍ഥികളാണ്. ഇവരില്‍നിന്നു കത്തികളും പിടിച്ചെടുത്തു.
ബംഗ്ലാദേശിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ സജീവ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു വാഷിഖ്. പ്രശസ്ത ബ്ലോഗ് എഴുത്തുകാരനായ അവിജിത് റോയിയെ ഭാര്യയുടെ മുന്‍പിലിട്ടു വെട്ടിക്കൊന്ന് ഒരു മാസം തികയുന്നതിന് മുമ്പാണ് ധാക്കയില്‍ രണ്ടാമത്തെ കൊലപാതകം.
ബംഗ്ലദേശില്‍ എഴുത്തുകാരെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. 2013 ഫെബ്രുവരിയിലാണു റജീബ് ഹൈദര്‍ എന്ന ബ്ലോഗറെ കൊലപ്പെടുത്തിയത്. ഹൈദര്‍ കൊലക്കേസില്‍, നിരോധിത സംഘടനയായ അന്‍സാറുല്ല ബംഗ്ലയുടെ നേതാവിനുമേല്‍ കുറ്റം ചുമത്തിയത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്.
അവിജിത് റോയി കൊലക്കേസില്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ സഹായത്തോടെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ധാക്കയിലെ പുസ്തകമേളയില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോഴാണ് ആള്‍ക്കൂട്ടത്തിനു നടുവില്‍ വച്ച് അവിജിതിനു നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ ഭാര്യ റഫീദയ്ക്കു തലയ്ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ഒരു കൈവിരല്‍ നഷ്ടമാവുകയും ചെയ്തു. അമേരിക്കയില്‍ താമസിക്കുന്ന അവിജിതും ഭാര്യയും നാട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. നേരത്തെ തന്റെ ബ്ലോഗിലെ ആശയങ്ങളുടെ പേരില്‍ അവിജിത് ബംഗ്ലാദേശില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല