സ്വന്തം ലേഖകന്‍: സിംഗപ്പൂര്‍ സ്ഥാപകന്‍ ലീ ക്വാന്‍ യൂവിനേയും ഒരു ക്രൈസ്തവ വിഭാഗത്തേയും അപമാനിക്കുന്ന വിധം സോഷ്യല്‍ മീഡിയ വഴി പരാമര്‍ശങ്ങള്‍ നടത്തിയതിന് സിംഗപ്പൂരില്‍ കൗമാരക്കാരനെ അറസ്റ്റ് ചെയ്തു. പതിനാറുകാരനായ അമോസ് യീയാണ് അറസ്റ്റിലായത്.
അനോസ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ച സിംഗപ്പൂര്‍ രാഷ്ട്ര സ്ഥാപകന്‍ ലീ ക്വാന്‍ യൂവിന്റെ മരണം ആഘോഷിക്കുന്ന വീഡിയോ നിര്‍മ്മിച്ച് യൂട്യൂബില്‍ ഇടുകയായിരുന്നു. ഞായറാഴ്ച യൂവിന്റെ ശവസംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഔദ്യോഗിക ദുഃഖാചരണം തീരും മുമ്പായിരുന്നു വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്.
യൂട്യൂബില്‍ വൈറലായ വീഡിയോയില്‍ ക്രിസ്ത്യാനികളെ കുറിച്ചും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അമോസ് നടത്തുന്നുണ്ട്. വീഡിയോ പിന്നീട് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തെങ്കിലും അതിനകം ആയിരക്കണക്കിന് പേര് കണ്ടുകഴിഞ്ഞിരുന്നു.
മനപൂര്‍വമുള്ള വ്യക്തിഹത്യക്കും മതനിന്ദക്കുമാണ് അമോസ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. കുറ്റം തെളിയുന്ന പക്ഷം മൂന്നു വര്‍ഷം വരെ തടവും 3,633 അമേരിക്കന്‍ ഡോളര്‍ പിഴശിക്ഷയും ലഭിക്കാവുന്ന കൃത്യമാണിത്.
ഏതാണ്ട് 20 പരാതികളാണ് മത വികാരം വ്രണപ്പെടുത്തി എന്ന പേരില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. കടുത്ത സെന്‍സര്‍ നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് സിംഗപ്പൂര്‍. നേരത്തെ അശ്ലീലം ആരോപിച്ച് പ്ലേബോയ് മാഗസിന് പോലും രാജ്യത്ത് നിരോധിച്ചിരുന്നു.
എന്നാല്‍ അമോസ് യീയുടെ അറസ്റ്റ് അന്താരാഷ്ട്ര തലത്തില്‍ അഭിപ്രായ സ്വാന്തന്ത്ര്യത്തെ കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമാകുന്നു എന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല