സ്വന്തം ലേഖകന്‍: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ശരിവച്ചു. സര്‍ക്കാര്‍ നയത്തില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് ജനക്ഷേമത്തിനുള്ള നയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ആരോഗ്യം നോക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. നയം മുഖ്യമന്ത്രി സ്വന്തം നിലയില്‍ പ്രഖ്യാപിച്ചതെന്ന വാദം നിലനില്‍ക്കുന്നതല്ല.
നികുതി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചെന്ന് വ്യക്തമായിട്ടുണ്ട്. ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. മദ്യഉപഭോഗം കുറയ്ക്കുകയെന്നത് റിപ്പോര്‍ട്ടിലെ ശുപാര്‍ശയായിരുന്നു. വീര്യം കുറഞ്ഞ മദ്യം പ്രോല്‍സാഹിപ്പിക്കണമെന്ന ശുപാര്‍ശയും കണക്കിലെടുത്തു. ഇതാണ് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ കാരണം. ടൂറിസം വികസനമെന്നാല്‍ മദ്യ ഉപഭോഗം കൂട്ടുക എന്നല്ല അര്‍ഥമെന്നും കോടതി വിധി പ്രസ്താവത്തില്‍ പറയുന്നു.
പുതിയ സാമ്പത്തിക വര്‍ഷത്തെ മദ്യനയത്തെ നിര്‍ണായകമായി സ്വാധീനിക്കുന്നതാണ് കോടതി വിധി. സര്‍ക്കാരിന്റെ മദ്യനയം കോടതി അംഗീകരിച്ചതോടെ ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടേണ്ടിവരും. ഇനി 24 പഞ്ചനക്ഷത്ര ബാറുകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. 36 ഫോര്‍സ്റ്റാര്‍, 8 ഹെറിറ്റേജ് ബാറുകളടക്കം പൂട്ടും. 228 ത്രീസ്റ്റാര്‍ ബാറുകളും പൂട്ടുന്നവയില്‍ ഉള്‍പ്പെടും. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുടരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല