സ്വന്തം ലേഖകന്‍: നൈജീരിയന്‍ പൊതു തെരഞ്ഞെടുപ്പില്‍ മുന്‍ പട്ടാള ജനറലായ മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികള്‍ വിജയിച്ചു. നിലവിലുള്ള പ്രസിഡന്റ് ഗുഡ്ലക്ക് ജോനാഥന് ബുഹാരിയുടെ വിജയം അംഗീകരിക്കുകയും അദ്ദേഹത്തിന് വിജയാശംസകള്‍ അറിയിക്കുകയും ചെയ്തു.
1983 മുതല്‍ 1985 നൈജീരിയ അടക്കി ഭരിച്ച പട്ടാള ഭരണാധികാരിയാണ് ബുഹാരി. രണ്ടു വര്‍ഷത്തെ ബുഹാരിയുടെ ഭരണകാലത്ത് പത്ര സ്വാതന്ത്യവും, അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമര്‍ത്തപ്പെട്ടിരുന്നു. ഒട്ടേറെ പത്രപ്രവര്‍ത്തകരും, ബുദ്ധിജീവികളും, വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തകരും അറസ്റ്റു ചെയ്യപ്പെടുകയും തടവറകളില്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു.
അഴിമതില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന നൈജീരിയന്‍ ഭരണകൂടത്തെ ബുഹാരി എങ്ങെനെയാണ് കൈകാര്യം ചെയ്യുക എന്ന് ഉറ്റുനോക്കുകയാണ് നൈജീരിയന്‍ പൗരന്മാരും അന്താരാഷ്ട്ര സമൂഹവും. സ്ത്രീ പ്രാധിനിത്യം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലെല്ലാം ലോകരാജ്യങ്ങളുടെ പിന്‍നിരയിലാണ് നൈജീരിയയുടെ സ്ഥാനം.
രാജ്യത്തിന്റെ വരുമാനത്തിന്റെ 80 ശതമാനവും ലഭിക്കുന്നത് എണ്ണ കയറ്റുമതിയിലൂടെയാണ്. എന്നാല്‍ സമീപ കാലത്ത് രാജ്യാന്തര വിപണിയില്‍ എണ്ണക്കുണ്ടായ വിലയിടിവ് നൈജീരിയക്ക് കനത്ത വെല്ലുവിളിയായിരിക്കുനയാണ്.
സാമ്പത്തികവും സാമൂഹ്യവുമായ പ്രശ്നങ്ങള്‍ ഒരൊ വശത്ത് വര്‍ധിച്ചു വരുമ്പോല്‍ മറുവശത്ത് ഇസ്ലാമിക തീവ്രവാദികളായ ബൊക്കൊഹറാം ശക്തിയാര്‍ജിക്കുകയാണ്. 2014 തുടങ്ങിയ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 6,000 സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് എകദേശ കണക്ക്. ഒരു മില്യണ്‍ ജനങ്ങള്‍ക്ക് സ്വന്തം താമസ സ്ഥലം നഷ്ടമായി. ഏതാണ്ട് 2,00,000 നൈജീരിയക്കാര്‍ അയല്‍രാജ്യമായ കാമറൂണിലേക്ക് പലായനം ചെയ്യുകയും ചെയ്തു.
പ്രശ്നങ്ങളുടെ അഗ്നിപരീക്ഷകളാണ് ബുഹാരി സര്‍ക്കാരിനെ കാത്തിരികുന്നതെന്ന് സാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല