സ്വന്തം ലേഖകന്‍: യുകെയിലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഏപ്രില്‍ 8 മുതല്‍ വീണ്ടും എക്സിറ്റ് ചെക്കുകള്‍ നിര്‍ബന്ധമാക്കുന്നു. രാജ്യത്തിന് പുറത്തു പോകുന്നവരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കുകയാണ് എക്സിറ്റ് ചെക്ക് കര്‍ശനമാക്കുന്നതിന്റെ പ്രധാന ലക്ഷ്യം.
ഭീകരപ്രവര്‍ത്തകരുടേയും കുറ്റവാളികളുടേയും നീക്കങ്ങള്‍ സൂക്ഷമായി നിരീക്ഷിക്കിക്കാനാണ് പുതിയ തീരുമാനം കൈകൊണ്ടതെന്ന് ഹോം ഓഫീസ് അറിയിച്ചു. ആരെല്ലാം എന്തെല്ലാം ആവശ്യത്തിന് രാജ്യത്തിന് പുറത്തു പോകുന്നു എന്ന് മനസ്സിലാക്കിയാല്‍ മാത്രമേ യുകെയില്‍ തങ്ങുന്നവരെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുകയുള്ളു എന്ന് ഹോം ഓഫീസ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഇതിനു പുറമേ അനധികൃത കുടിയേറ്റം തടയുന്നതിനും എക്സിറ്റ് പരിശോധനകള്‍ വലിയൊരളവില്‍ സഹായിക്കുമെന്നാണ് മുന്‍കാല അനുഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് സെക്യുരിറ്റി ആന്‍ഡ് എമിഗ്രേഷന്‍ മന്ത്രി ജെയിംസ് ബ്രോക്കെന്ഷൈര് പറഞ്ഞു. നിയമവിരുദ്ധമായി യുകെയില്‍ തങ്ങുന്നവരെ വളരെയെളുപ്പം തിരിച്ചറിയുവാനും പിടികൂടുവാനും എക്സിറ്റ് പരിശോധനകള്‍ വലിയൊരളവുവരെ സഹായിക്കും.
യുകെവിട്ട് പുറത്തുപോകുന്നവരുടെ വിവരങ്ങള്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും രേഖപ്പെടുത്താറുണ്ടെങ്കിലും പോലീസിനും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും എളുപ്പം പരിശോധിക്കുവാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു ക്രമീകരണം ഇതുവരെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പുറത്തു പോകുന്നവരുടെ വിവരങ്ങള്‍ വിവിധ ഓഫീസുകളിലെ ഫയലുകള്‍ പരിശോധിച്ചു തന്നെ കണ്ടെത്തേണ്ടിയിരുന്നു.
എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ കുടിയേറ്റക്കാരിലും പൗരന്മാരിലും രാജ്യം വിട്ടുപോയവരെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. ഒപ്പം കുടിയേറ്റക്കാരെല്ലാം സമയാസമയം തിരിച്ചുപോകുന്നുണ്ടോ എന്നത് കുറേക്കൂടി വ്യക്തമായി മനസ്സിലാക്കാനും കഴിയും. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവരുടെ ഡ്രൈവിങ്ങ് ലൈസന്‍സും ബാങ്ക് അക്കൗണ്ടുകളും റദ്ദാക്കുവാനും എക്സിറ്റ് ചെക്ക് സഹായിക്കും.
അതുപോലെ ഇസ്ലാമിക് സ്റ്റേറ്റ് സ്റ്റേറ്റില്‍ ചേരാനായി അടുത്ത കാലത്ത് യുകെയില്‍ നിന്ന് അനവധി മുസ്ലീം യുവാക്കളും യുവതികളും സിറിയയിലേക്കും മറ്റുംപോയത് യഥാസമയം മനസ്സിലാക്കാന്‍ പോലീസിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കഴിയാതിരുന്നത് എക്സിറ്റ് ചെക്ക് പിഴവാണെന്ന് വ്യക്തമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല