സ്വന്തം ലേഖകന്‍: പലതരം ബില്ലുകള്‍ പല സ്ഥലങ്ങളില്‍ അടച്ച് ഗതികെട്ടിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.എല്ലാ ബില്ലുകളും സ്വന്തം ഇന്‍ബോക്സില്‍ ഇരുന്നു കൈകാര്യം ചെയ്യാനുള്ള സൗകര്യവുമായി വരികയാണ് ജിമെയില്‍. നെറ്റ് ബാങ്കിങിലൂടെ അതാത് സര്‍വീസ് പ്രൊവൈഡറുടെ വെബ്സൈറ്റില്‍ പോയി പണമടയ്ക്കുന്ന സംവിധാനം ഇപ്പോള്‍ തന്നെ നിലവിലുണ്ട്.
എന്നാല്‍ പുതിയ സംവിധാനം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു ബില്ല് ഇമെയില്‍ ആയി ജിമെയിലിലേക്ക് എത്തിയാല്‍ ലളിതമായ ഒരു മറുപടി നല്കി ബില്ലടയ്ക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഗൂഗിള്‍ അവതരിപ്പിക്കാന്‍ പോകുന്നത്.
പോണി എക്സ്പ്രസ് എന്നാണ് ഗൂഗിള്‍ ഈ സംവിധാനത്തിന് നല്‍കിയിരിക്കുന്ന താല്‍ക്കാലിക പേര്. ഈ വര്‍ഷം അവസാനത്തോടെ ഈ സംവിധാനം ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിമെയിലുമായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ ബന്ധിപ്പിക്കുകയും, ഇമെയില്‍ ആയി വരുന്ന ബില്ലുകള്‍ തുറന്ന് പണം അടയ്ക്കുന്നതിനുള്ള അനുവാദം നല്‍കുകയും ആണ് അദ്യപടി. പണം നല്‍കുന്നതും രശീത് വാങ്ങി ഇന്‍ബോക്സില്‍ സൂക്ഷിക്കുന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ജിമെയില്‍ നോക്കിക്കോളും.
എല്ലാ ബാങ്കിനും ഒരു പ്ലാറ്റ്ഫോം എന്ന ആശയവുമായിട്ടാണ് ഗൂഗിള്‍ എത്തുക. ഫേസ്ബുക്ക് വഴി പണമിടപാട് നടത്താവുന്ന സംവിധാനവും, ഇമെയിലിലൂടെ പണം അയയ്ക്കുന്ന സംവിധാനവും നിലവില്‍ പല ബാങ്കുകളും വിജയകരമായി പരീക്ഷിച്ച് കഴിഞ്ഞിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല