സ്വന്തം ലേഖകന്‍: ഇറാനുമായി ആറ് വന്‍ രാഷ്ട്രങ്ങള്‍ നടത്തുന്ന ആണവ ചര്‍ച്ചകള്‍ അനന്തമായി നീളുന്നതിനിടെ ചര്‍ച്ചകള്‍ ഉപേക്ഷിച്ചേക്കുമെന്ന് അമേരിക്ക സൂചന നല്കി. ചൊവ്വാഴ്ച അര്‍ദ്ധരാത്രി രാത്രി വരെ സമയപരിധി നിശ്ചയിച്ച ചര്‍ച്ചകള്‍ വ്യാഴാഴ്ചയിലേക്ക് നീളുകയാണ്. ഇറാന്റെ ആണവ പദ്ധതിയെ നിയന്ത്രണത്തില്‍ കൊണ്ടുവരികയാണ് സ്വിറ്റ്സര്‍ലാന്റിലെ ലൂസാന്‍ നഗരത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ ലക്ഷ്യം.
ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്നു തന്നെയാണ് വിലയിരുത്തുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ അനന്തമായി നീളുകയോ വഴിമുട്ടി നില്‍ക്കുകയോ ചെയ്താല്‍ അമേരിക്കയും മറ്റു കക്ഷികളും പിന്മാറുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.
ബുധനാഴ്ച വൈകിയും തുടരുന്ന ചര്‍ച്ചകളുടെ ഫലം എന്തായാലും പ്രസിഡന്റ് ബാരക് ഒബാമ പത്രസമ്മേളനത്തില്‍ ലോകത്തെ അറിയിക്കും. വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനായി ലൂസാനില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇറാനും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ആണവ തര്‍ക്കത്തില്‍ ഒരു ധാരണയിലെത്താനായി ജോണ്‍ കെറിയും ഇറാനിയന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫും ആഴ്ചകളായി നടത്തുന്ന ചര്‍ച്ചകളാണ് എങ്ങുമെത്താതെ അനന്തമായി നീളുന്നത്.
ആണവ ബോംബിന്റെ നിര്‍മ്മാണത്തിലേക്ക് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഇറാന്റെ ആണവ പദ്ധതി വെട്ടിച്ചുരുക്കണമെന്നാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന അമേരിക്ക, റഷ്യ, ബ്രിട്ടന്. ഫ്രാന്‍സ്, ജര്‍മ്മനി, ചൈന എന്നീ രാജ്യങ്ങളുടെ പ്രധാന ആവശ്യം.
എന്നാല്‍ 12 വര്‍ഷമായി അന്താരാഷ്ട്ര സമൂഹത്തിന്റെ ആണവ ഉപരോധം നേരിടുകയാണ് തങ്ങളെന്നാണ് ഇറാന്റെ വാദം. മറ്റു രാജ്യങ്ങള്‍ ചര്‍ച്ചകളില്‍ സഹകരിക്കാന്‍ തയ്യാറാകുന്നിടത്തോളം ഇറാന് പ്രതിനിധി സംഘം ലൂസാനില്‍ തങ്ങുമെന്ന് ജവാദ് സരീഫ് മാധ്യങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല