ഒരു ഒരു ജനതതിയുടെ സ്വപ്നങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും ചാരുതയേകാന്‍,ചിറകു മുളപ്പിക്കാന്‍ യുഗപ്പിറവി കൊണ്ട ചേതന യു.കെ എന്ന കലാസംസ്കാരിക സംഘടനയ്ക്ക് ആത്മഹര്‍ഷത്തിന്റെ ആത്മനിര്‍വൃതിയുടെ രണ്ട് വല്സരത്തിന്റെ നിറവ്.
ചേതന യു.കെയുടെ രണ്ടാമത് വാര്‍ഷികാഘോഷങ്ങള്‍ അതിവിപുലമായ പരിപാടികളോടെ ജൂലായ് രണ്ടിന് ഉച്ചതിരിഞ്ഞ് ബോണ്മാത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്ററില്‍വെച്ച് നടക്കും. വര്‍ണ്ണശബളമായ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും തദവസരത്തില്‍ സന്ദേശം പകരുന്നതിനും കലാസാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ മലയാളത്തിന്റെ പ്രിയപ്പെട്ടവര്‍ പങ്കെടുക്കുന്നു.
പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ മുന്നില്‍ തെല്ലും പകച്ചുനില്‍ക്കാതെ വിമര്‍ശന ശരങ്ങളുടെ വാള്‍മുനയില്‍ ഒരിറ്റുനിണം വീഴ്ത്താതെ നിലയുറപ്പിച്ച തറയില്‍ ചുറ്റുപാടും ജീവന്റെ ചുവന്ന മുകുളങ്ങളെ വിരിയിച്ച് പരസ്നേഹത്തിന്റെ പ്രത്യയശാസ്ത്രത്തെ പക്ഷം പിടിച്ച് ചേതന യു.കെയുടെ അഭിമാനകരമായ രണ്ടാം വാര്‍ഷികത്തിന്റെ വാതായനം തുറക്കുന്നു.
സംഘടനയുടെ ശില്‍പ്പിക്ക് അല്ലെങ്കില്‍ ശില്‍പ്പങ്ങള്‍ക്ക് ഇത് ഒരുസ്വകാര്യ അഹങ്കാരമാണ്. രണ്ട് വര്‍ഷംമുമ്പ് സംഘടന നിലവില്‍ വരുന്നതിന് മുമ്പ് ഇതിന്റെ പ്രയോക്താക്കള്‍ക്ക് തങ്ങളുടെ ഹൃദയരക്തത്തിലും അകക്കാമ്പിലും ഉണ്ടായിരുന്നത് ജീവിതത്തെക്കുറിച്ചുള്ള ചില സത്യങ്ങളും നൊമ്പരങ്ങളും മാത്രം. ഈ വിതുമ്പലുകളുടേയും രോദനങ്ങളുടേയും മനുഷ്യാവിഷ്കാരമാണ് ചേതനയു.കെ എന്ന വലിയ സത്യം.
ഹിമസാഗരത്തില് നിന്ന് അടര്‍ത്തിമാറ്റപ്പെട്ട പ്രപഞ്ചസത്യങ്ങളുടെ പൊരുള്‍ മുഴുവന്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന ഒരുതുള്ളി ഹിമകണം പോലെ ചേതന യു.കെ ഈ ലോകത്തില്‍ പിറവിയെടുത്തപ്പോള്‍ അതിന് വെള്ളവും വെളിച്ചവും വളവും ആയത് കഠിനാദ്ധ്വാനവും അര്‍പ്പണമനോഭാവവും ആയിരുന്നു. തേന്മാവിന് മുല്ലവള്ളി എന്നപോലെ ചേതന എന്ന കുസുമവല്ലരിക്ക് പടര്‍ന്നുകയറാന്‍ സംഘങ്ങളുടെ തന്നെ വിരിമാറ് മാത്രം. പ്രായത്തേക്കാളധികം വളര്‍ച്ച കൈവരിച്ച ഈ പുഷ്പവല്ലരി തനിക്ക് ചുറ്റും സൗരഭ്യംപടര്‍ത്തി സഹജീവികള്‍ക്ക് തണലേകി ആശ്രയമേകി രണ്ടാംവാര്‍ഷികത്തില്‍ തലയെടുപ്പോടെ പ്രശോഭിക്കുന്നതില്‍ സംഘടനയുടെ ജനറ.സെക്രട്ടറി ശ്രീകുമാറിനും സഹപ്രവര്‍ത്തകര്‍ക്കും ഏറെ അഭിമാനിക്കാവുന്നതാണ്.
പതിവിലും വ്യത്യസ്തമായി ഇന്ത്യക്ക് അകത്തും പുറത്തും വിവിധ വേദികളില്‍ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള പ്രതിഭകളുടെ, ചേതനയിലെ കൊച്ചുകുരുന്നകളുടെ കലാപ്രകടനങ്ങളാകും ഇത്തവണ വേദിയില്‍ അരങ്ങേറുക. അക്ഷരകേരളത്തിന്റെ കലാരൂപങ്ങളുടെ പ്രകടനങ്ങള്‍ക്ക് മാത്രമല്ല ചേതന യു.കെ ഇത്തവണ വേദിയൊരുക്കുന്നത്.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള, യു.കെയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളുടെ നിറപ്പകിട്ടാര്‍ന്ന കലാപരിപാടികളും കലാവിരുതും മാറ്റുരയ്ക്കപ്പെടുമെന്ന പ്രത്യേകതയും ഇത്തവണ ഉണ്ടാകുമെന്ന് ചേതനയുടെ വക്താക്കള്‍ അറിയിച്ചു. ടാഗോര്‍ കാവ്യങ്ങളുടെ സൂക്ഷ്മാംശങ്ങള്‍ സ്ഫുടം ചെയ്ത് പതംവരുത്തിയ ബംഗാളി നൃത്തശില്‍പ്പവും പഞ്ചാബി നൃത്തസന്ധ്യയും ആഘോഷവേളയിലെ വേറിട്ട കാഴ്ച്ചയാകും.
യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിന്റെ വിവിധ ചാനലുകളുടെ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താക്കളായി പ്രവര്‍ത്തിക്കുന്ന പ്രതിഭകളുടെ കലാസംഗമം വിസ്മയങ്ങളുടെ നേര്‍ക്കാഴ്ച്ചയായിരിക്കും. ചേതനയുടെ നൃത്തസംഗീത ക്ലാസുകളില്‍ അഭ്യസനം നടത്തിവരുന്ന കൊച്ചുകുട്ടികളുടെ ചടുലനൃത്തച്ചുവടുകളും ചേതന നിസരിയുടെ ഗാനോപഹാരവും കലാസന്ധ്യയുടെ വിശിഷ്ടവിഭവങ്ങളായിരിക്കും.
സ്വദേശികളും വിദേശികളുമായി വലിയ ഒരുസദസ്സ് വാര്‍ഷിക പൊതുയോഗ പരിപാടികള്‍ക്കും തുടര്‍ന്നുള്ള കലാസന്ധ്യക്കും സാക്ഷികളാകും. ദൂരസ്ഥലങ്ങളില്‍ നിന്ന് എത്തുന്ന ആസ്വാദകര്‍ക്കും കലാകാരന്മാര്ക്കും വേണ്ടി പാര്‍പ്പിടസൗകര്യങ്ങളും സജ്ജമാക്കുമെന്ന് ആഘോഷകമ്മറ്റി അറിയിച്ചു. അന്നേദിനം സദസ്യരുടെ സൗകര്യാര്‍ത്ഥം പരിപാടികള്‍ അരങ്ങേറുന്ന പ്രധാന ഹാളിന് വെളിയില്‍ മൊബൈല്‍ ഫുഡ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
ആഘോഷപരിപാടികളുടെ വിശദമായ അറിയിപ്പുകള് പ്രിയപ്പെട്ട വായനക്കാരെ അറിയിക്കുന്നതായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല