സ്വന്തം ലേഖകന്‍: പള്ളിയില്‍ വച്ച് ഒമ്പതാം ക്ലാസുകാരിയെ വികാരി പതിവായി പീഡിപ്പിച്ചതായി പരാതി. സംഭവം പുറത്തായതിനെ തുടര്‍ന്ന് പള്ളി വികാരി ഒളിവിലാണ്. മൂന്നു മാസമായി കുര്‍ബാനക്കു ശേഷം പള്ളിമേടയില്‍ വിളിച്ചുവരുത്തി നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം.
ലത്തീന്‍ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതക്കു കീഴിലുള്ള പുത്തന്‍ വേലിക്കര പറങ്കിനാട്ടിയ കുരിശ് ലൂര്‍ദ് മാത പള്ളി വികാരി ഫാ എഡ്വിന് സിഗ്രേസിന് എതിരെ പുത്തന്‍ വേലിക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാല്പത്തൊന്നുകാരനായ എഡ്വിനെ കണ്ടെത്താന്‍ ഇന്നലെ പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇക്കഴിഞ്ഞ മാര്‍ച്ച് 28 നാണ് പീഡന വിവരം പെണ്‍കുട്ടി മാതാവിനെ അറിയിച്ചത്. സംഭവം പുറത്തറിഞ്ഞെന്ന് മനസിലായ വികാരി അതോടെ ഒളിവില്‍ പോയി. ഇന്നലെ പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജനുവരിയിലാണ് വികാരി ആദ്യമായി പെണ്‍കുട്ടിയെ മേടയിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്താന്‍ ഇരിക്കുകയാണ്. പ്രമുഖ ധ്യാനഗുരു, പ്രഭാഷകന്‍, ഗായകന്, എഴുത്തുകാരന്, എന്നീ നിലകളില്‍ പ്രശസ്തനാണ് ഫാ. എഡ്വിന് സിഗ്രേസ്. നിരവധി ഭക്തിഗാന സിഡികളും അച്ചന്റേതായി പുറത്തിറക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ സ്ഥിരമായി ധ്യാനത്തിന് പോകുന്ന കൊടുങ്ങല്ലൂര്‍ മതിലകം അടിപ്പാലം സ്വദേശിയായ ഫാ. എഡ്വിന് വിപുലമായ ആരാധക വൃന്ദവുമുണ്ട്.
പള്ളിമേടയിലേയ്ക്ക് വികാരിയച്ചന് നിരന്തരം കൂട്ടിക്കൊണ്ടു പോകുന്നതില്‍ സംശയം തോന്നിയ വീട്ടുകാര്‍ പെണ്‍കുട്ടിയോട് വിവരം ചോദിച്ചപ്പോഴാണ് പീഡനകാര്യം പുറത്തായത്. വികാരിക്കെതിരെ സഭാതലത്തിലുള്ള കമ്മിഷനും അന്വേഷണം തുടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല