സ്വന്തം ലേഖകന്‍: വടക്കന്‍ നൈജീരിയയിലെ ബൊക്കോഹറാം ഇസ്ലാമിക തീവ്രവാദികള്‍ മനുഷ്യ ബോംബുകളായി കുട്ടികളെ ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ വെളിപ്പെടുത്തല്‍. ഒപ്പം സ്ത്രീകളേയും പെണ്‍കുട്ടികളേയും ലൈംഗിക അടിമകളായി ഉപയോഗിക്കുന്നതായും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി സയീദ് റാദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി.
12 വയസു പ്രായം വരുന്ന കുട്ടികളുടെ ശരീര ഭാഗങ്ങള്‍ പോരാട്ടം നടക്കുന്ന സ്ഥലങ്ങളില്‍ ചിതറിക്കിടക്കുന്നതായി ഐക്യരാഷ്ട്ര സഭക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. പ്രധാന സൈന്യത്തിന് കവചമായി മനുഷ്യ ബോംബുകളാക്കി മാറ്റിയ കുട്ടികളെ ബൊക്കോഹറാം ഉപയോഗിക്കുന്നു എന്നതിന് തെളിവാണ് ഇതെന്ന് ഹുസൈന്‍ നിരീക്ഷിച്ചു.
തിരക്കേറിയ ഒരു ചന്തയില്‍ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചത് മുതുകില്‍ പിഞ്ചുകുഞ്ഞിനെ കെട്ടിവച്ച ഒരു പതിനാലു വയസുകാരിയെയാണ്. കഴിഞ്ഞ വര്‍ഷമാണ് തീവ്രവാദികള്‍ ഒരു സ്‌കൂള്‍ ആക്രമിച്ച് 200 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയത്.
ബൊക്കോഹറാം രംഗത്തെത്തി ആറു വര്‍ഷത്തിനുള്ളില്‍ പതിനായിരക്കണക്കിന് ആളുകല്‍ കൊല്ലപ്പെടുകയും 1.5 മില്യണ്‍ ആളുകള്‍ രാജ്യം വിടുകയും ചെയ്തിട്ടുണ്ട് എന്നാണ് എകദേശ കണക്ക്. നൈജീരിയയും അയല്‍ രാജ്യങ്ങളും ചേര്‍ന്നുണ്ടാക്കിയ സഖ്യസേന ബൊക്കോഹറാമിനെ രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലേക്ക് ഒതുക്കിയെങ്കിലും ചാവേര്‍ ആക്രമണങ്ങളും തട്ടിക്കൊണ്ടു പോകലുകളും ഇപ്പോഴും തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല