സ്വന്തം ലേഖകന്‍: വടക്കു കിഴക്കന്‍ കെനിയയിലെ ഗാരിസാ യൂണിവേഴ്സിറ്റിയില്‍ അല്‍ ഷബാബ് ഭീകരര്‍ നടത്തിയ വെടിവപ്പില്‍ വിദ്യാര്‍ത്ഥികളടക്കം 147 പേര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തീവ്രവാദികള്‍ ബന്ദിയാക്കിയിരുന്ന അഞ്ഞൂറോളം വിദ്യാര്‍ത്ഥികളെ സൈന്യം മോചിപ്പിച്ചു. നാല് ഭീകരരെയും സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ രാത്രി ഏഴ് മണിയോടെ അവസാനിച്ചതായാണ് റിപ്പോര്‍ട്ട്.
അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികളെയാണ് ഭീകരര്‍ ബന്ദിയാക്കിയിരുന്നത്. വിദ്യാര്‍ത്ഥികളില്‍ നിന്നും ക്രിസ്ത്യന്‍ മതവിശ്വാസികളെ ഭീകരര്‍ തെരഞ്ഞു പിടിച്ച് വേര്‍തിരിച്ച് മറ്റൊരു മുറിയിലേക്ക് മാറ്റുകയായിരുന്നു. ക്രിസ്ത്യന്‍ വിദ്യര്‍ത്ഥികള്‍ക്ക് ചുറ്റുമായി ഭീകരര്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഭീകരര്‍ ആക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ സൊമാലിയന്‍ ഭീകര സംഘടനയായ അല്‍ ഷബാബ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
പുലര്‍ച്ചെ 5.30 ഓടെ സൊമാലിയന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഗരിസ യൂണിവേഴ്സിറ്റിയിലെ പ്രധാന കവാടത്തിലുണ്ടായിരുന്ന രണ്ടു സുരക്ഷാജീവനക്കാര്‍ക്കു നേരെ നിറയൊഴിച്ചുകൊണ്ടാണ് അല്‍ ഖ്വയ്ദ ബന്ധമുള്ള അല്‍ ഷബാബ് തീവ്രവാദികള്‍ ക്യാമ്പസിലേക്ക് ഇരച്ചു കയറിയത്. നാല് തോക്കുധാരികളാണ് ആക്രമണം നടത്തിയത്. സൊമാലിയ മേഖലയിലെ ഭീകര സംഘടനയാണ് അല്‍ ഷബാബ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല