സ്വന്തം ലേഖകന്‍: വിദേശികള്‍ അഞ്ചു ദിവസത്തിനകം രാജ്യം വിടണമെന്ന് യെമന്‍ ഭരണകൂടം നിര്‍ദേശം നല്കി. അതോടെ എല്ലാ ഇന്ത്യാക്കാരെയും യെമനില്‍ നിന്ന് ജിബൂട്ടിയില്‍ എത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി നാവിക, വ്യോമ സേനകള്‍ രക്ഷാ പ്രവര്‍ത്തനം ശക്തമാക്കി. ഹൗത്തി തീവ്രവാദികള്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന കരയുദ്ധം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് വിദേശികളോട് രാജ്യം വിടാന്‍ യെമന്‍ ഭരണകൂടം ആവശ്യപ്പെട്ടത്.
യെമനിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി രക്ഷപ്പെടുത്തി ജിബൂട്ടിയിലെത്തിച്ച 806 പേരെ കൂടി ഇന്നലെ കേന്ദ്രം നാട്ടിലെത്തിച്ചു. വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തില്‍ 225 പേരെ ഇന്നലെ രാത്രി 9.45 ഓടെ മുംബൈ വിമാനത്താവളത്തിലും എയര്‍ ഇന്ത്യയുടെ 777 ബോയിംഗ് വിമാനത്തില്‍ 352 പേരെ അര്‍ദ്ധരാത്രി 12.15 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും എത്തിച്ചു. അര്‍ദ്ധരാത്രി 12.15 നു മറ്റൊരു സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തില്‍ 229 പേരെയും മുംബൈയിലെത്തിച്ചു.
ഇന്നലെ സനാ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ മൂന്ന് വിമാനങ്ങള്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തില്‍ 488 ഇന്ത്യക്കാരെയാണ് ജിബൂട്ടിയിലെത്തിച്ചത്. രാത്രി വൈകിയും രക്ഷാ പ്രവര്‍ത്തനം തുടരുന്നതിനുള്ള ശ്രമത്തിലാണ് വ്യോമസേന. ഇന്നലെ അഷ് ഷിര് തുറമുഖത്ത് നിന്ന് 183 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 203 പേരെ ഐഎന്‍എസ് സുമിത്ര യുദ്ധക്കപ്പലും രക്ഷപ്പെടുത്തി ജിബൂട്ടിയിലേക്ക് പുറപ്പെട്ടതായി കേന്ദ്രം അറിയിച്ചു.
ജിബൂട്ടിയില്‍ കേന്ദ്രമന്ത്രി ജനറല്‍ വികെ സിംഗാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ദിവസം രാത്രി യെമന്‍ തലസ്ഥാനമായ സനായിലെത്തി സിംഗ് കാര്യങ്ങള്‍ നേരിട്ട് നിരീക്ഷിച്ചിരുന്നു.
അതിനിടെ, യെമനിലെ ഏദന്‍ തുറമുഖത്ത് നിന്ന് നാവിക സേന എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ ഏദന്‍ തുറമുഖം വഴി നടത്തിയ അവസാന രക്ഷാപ്രവര്‍ത്തനത്തില്‍ 179 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 17 രാജ്യങ്ങളിലെ പൗരന്മാരെ ഇന്ത്യയുടെ ഐഎന്‍എസ് മുംബൈ യുദ്ധക്കപ്പലില്‍ രക്ഷിച്ച് ജിബൂട്ടിയിലെത്തിച്ചു. ഏദനില്‍ കനത്ത ഷെല്ലാക്രമണം നടക്കുന്നതിനിടെ തുറമുഖത്തിന് ആറ് നോട്ടിക്കല്‍ മൈല്‍ ദൂരെ നങ്കുരമിട്ട യുദ്ധക്കപ്പലിലേക്ക് നാവിക സേനാ കമാന്‍ഡോകളുടെ സഹായത്തോടെ പൗരന്മാരെ എത്തിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല