സ്വന്തം ലേഖകന്‍: കെനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ 150 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ പിടിയിലായ പ്രതികളില്‍ ഒരാള്‍ കെനിയന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകന്‍. വെടിവപ്പു നടത്തിയ തീവ്രവാദികളില്‍ ഒരാളായ അബ്ദിറഹിം മൊഹമ്മദ് അബ്ദുല്ലാഹി മണ്ഡേരയിലെ ഗവണ്‍മെന്റ് ചീഫിന്റെ മകനാണെന്ന് തെളിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വക്താവ് മ്വേന്ദ ജോക്ക പറഞ്ഞു.
കഴിഞ്ഞ വര്‍ഷം തന്റെ മകനെ കാണാതായതായി ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയിരുന്നു. മകന്‍ ഭീകരവാദികള്‍ക്കൊപ്പം ചേരാനായി സൊമാലിയയിലേക്ക് പോയതാവാമെന്ന് അദ്ദേഹം സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നെയ്‌റോബി യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2013 ല്‍ നിയമ ബിരുദം പൂര്‍ത്തിയാക്കിയ അബ്ദുല്ലാഹി സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നെന്ന് സഹപാഠികള്‍ പറഞ്ഞു.
കെനിയയില്‍ വര്‍ദ്ധിച്ചുവരുന്ന മുസ്ലിം ഭീകര പ്രവര്‍ത്തനം തടയാന്‍ കുട്ടികളുടെ തിരോധാനവും അവരിലുണ്ടാകുന്ന തീവ്രവാദ പ്രവണതകളും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ജോക്ക വ്യക്തമാക്കി.
അതേസമയം സൊമാലിയയിലെ വിമതര്‍ക്കെതിരെയുള്ള പോരാട്ടത്തിനായി കെനിയ സൈന്യത്തെ വിട്ടു കൊടുത്തതിനുള്ള പ്രതികാരമായാണ് യൂണിവേഴ്‌സിറ്റിയില്‍ കൂട്ടക്കൊല നടത്തിയതെന്ന് അല്‍ ഷബാബ് മുസ്ലിം തീവ്രവാദികള്‍ പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല