സ്വന്തം ലേഖകന്‍:
കിംഗ് ഓഫ് ഗുഡ് ടൈംസിന് കഷ്ടകാലം തുടരുകയാണെന്നാണ് സൂചനകള്‍. കടക്കെണിയിലായ മദ്യരാജാവ് വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് 372 കോടി രൂപ നികുതിയിനത്തില്‍ അടക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
ജീവനക്കാരുടെ ശമ്പളയിനത്തില്‍ കമ്പനി ആദായ നികുതി വകുപ്പില്‍ അടക്കേണ്ടെ ടാക്സ് ഡിഡക്ഷന് അറ്റ് സോര്‍സ് (ടിഡിഎസ്) നികുതി അടക്കാതിരുന്നതാണ് കിംഗ്ഫിഷറിന് വിനയായത്. ഈ ഇനത്തില്‍ നികുതി കുടിശികയും പിഴയും ചേര്‍ത്ത് 372 കോടി രൂപ ഉടന്‍ ആദായ നികുതി വകുപ്പില്‍ കെട്ടിവക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
നേരത്തെ എയര്‍ലൈന്‍സിന്റെ ടിഡിഎസ് തിരിമറി കണ്ടെത്തിയ ആദായ നികുതി വകുപ്പ് കുടുശിക ഉടന്‍ അടക്കണമെന്ന് കാണിച്ച് കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിച്ചു.
എന്നാല്‍ സുപ്രീം കോടതി വിധി ആദായ നികുതി വകുപ്പിന് അനികൂലമായതോടെ കടക്കെണിയില്‍ മുങ്ങിത്താഴുന്ന കിംഗ്ഫിഷറിന് പിഴയടക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെയായി. നേരത്തെ ടിഡിഎസ് ആയി 302 കോടി രൂപയും അതിന്റെ പലിശയായി 70 കോടി രൂപയും അടക്കാന്‍ ആവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നത്.
2010 മുതല്‍ 2013 വരെയുള്ള മൂന്നു സാമ്പത്തിക വര്‍ഷത്തെ മൊത്തം ടിഡിഎസ് തുകയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല