സ്വന്തം ലേഖകന്‍: ബീഫ് നിരോധനം ഒരു തുടക്കം മാത്രമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പോത്ത് ഒഴിച്ചുള്ള മാട്ടിറച്ചി നിരോധനം ആദ്യ ഘട്ടമാണെന്ന സൂചനയാണ് സര്‍ക്കാരിന്റെ പ്രസ്താവന നല്‍കുന്നത്.
മാട്ടിറച്ചി നിരോധനം നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട് ഭാരതീയ ഗൗവംശ് രക്ഷണ്‍ സന്‍വര്‍ദ്ധന്‍ പരിഷത്തും നിലവിലെ സ്റ്റോക്ക് ഒഴിവാക്കാന്‍ സമയം തേടി മുംബൈ ബീഫ് ഡീലേസ് അസോസിയേഷനും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി വാദം കേള്‍ക്കുമ്പോഴായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍.
ആദ്യ ഘട്ടമെന്ന നിലയില്‍ ഇപ്പോള്‍ പശു പരമ്പരയില്‍പ്പെട്ടവയെ മാത്രമാണ് നിരോധിച്ചതെന്നും ഭാവിയില്‍ മറ്റ് മൃഗങ്ങളെ മാംസത്തിനായി കൊല്ലുന്നതും നിരോധിക്കുമെന്നും സംസ്ഥാന അഡ്വക്കറ്റ് ജനറല്‍ സുനില്‍ മനോഹര്‍ കോടതിയില്‍ ബോധിപ്പിച്ചു.
മാട്ടിറച്ചി നിരോധം ഭരണഘടനാ തത്വങ്ങള്‍ക്ക് അനുസൃതമാണെന്നും മൃഗങ്ങളോടുള്ള ക്രൂരതയെ തടയാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ജഡ്ജിമാരായ വിഎം കനാഡെ, എആര്‍ ജോഷി എന്നിവര്‍ക്കു മുമ്പാകെ സര്‍ക്കാര്‍ ന്യായീകരിച്ചു.
അങ്ങിനെയെങ്കില്‍ എന്തുകൊണ്ടാണ് മാടുകളെ കൊല്ലുന്നത് മാത്രം നിരോധിച്ചതെന്ന കോടതിയുടെ ചോദ്യത്തിനു മറുപടിയായാണ് മറ്റു മൃഗങ്ങളെ അറുക്കുന്നതും വഴിയേ നിരോധിക്കുമെന്ന് സര്‍ക്കാര്‍ സൂചന നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല