സ്വന്തം ലേഖകന്‍: അഫ്ഗാന് താലിബാന് പരമോന്നത നേതാവ് മുല്ല ഒമറിന്റെ ജീവചരിത്രം താലിബാന് പുറത്തിറക്കി. അടുത്ത കാലത്തായി ഒന്നിലധികം തവണ മുല്ല ഒമര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് ഇപ്പോള്‍ താലിബാന് മുല്ല ഒമറിന്റെ ജീവചരിത്രം പുറത്തിറക്കിയതെന്നാണ് സൂചന.
ഇപ്പോഴും അഫ്ഗാന് താലിബാന്റെ ചരടുകളുടെ നിയന്ത്രണം മുല്ല ഒമര്‍ തന്നെയാണെന്ന സന്ദേശം ലോകത്തിന് നല്‍കുകയെന്ന ലക്ഷ്യവും ജീവചരിത്രത്തിന് ഉണ്ടെന്ന് കരുതുന്നു. മുല്ല ഉമറിന്റെ ജീവിതം, നേട്ടങ്ങള്‍, സ്വഭാവ വിശേഷങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവയെ പൊലിപ്പിച്ച് അവതരിപ്പിക്കുന്നു ഈ ജീവചരിത്രം.
അടുത്ത കാലത്തായി തലിബാനില് നിന്ന് ലോക മുസ്ലീം തീവ്രവാദത്തിന്റെ നേതൃത്വം പിടിച്ചെടുത്ത ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നില്‍ മുല്ല ഒമറിന്റെ പ്രാധാന്യം അവതരിപ്പിക്കുക എന്നതും താലിബാന് ലക്ഷ്യമിടുന്നതായി സൂചനയുണ്ട്.
അടുത്തിടെയായി അഫ്ഗാന് മാധ്യമങ്ങളില്‍ മുല്ല ഒമര്‍ കൊല്ലപ്പെട്ടതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഉത്തരം നല്‍കുകയാണ് ജീവചരിത്രത്തിന്റെ പ്രധാന ലക്ഷ്യം. അഫ്ഗാനിസ്ഥാനിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു എന്നതും മറ്റൊരു പ്രകോപനമാണ്.
താലിബാന്റെ പ്രധാന വെബ്സൈറ്റില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് ജീവചരിത്രം പോസ്റ്റ് ചെയ്തത്. ഒമര്‍ സംഘടനയുടെ പരമോന്നത നേതാവായി അവരോധിക്കപ്പെട്ടതിന്റെ പത്തൊമ്പതാം വര്‍ഷമാണ് ജീവചരിത്രം പുറത്തു വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. 10 മില്യണ്‍ ഡോളറാണ് അമേരിക്ക മുല്ല ഒമറിന്റെ തലക്ക് വിലയിട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല