1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2015

സ്വന്തം ലേഖകന്‍: ആന്ധ്രയിലെ ചിറ്റൂരില്‍ ചൊവ്വാഴ്ച രാവിലെ ചന്ദനക്കടത്തുകാരെന്ന് ആരോപിച്ച് 20 പേരെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ പോലീസിന്റെ വാദങ്ങള്‍ പൊളിയുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 20 തൊഴിലാളികളില്‍ ഏഴു പേരെ ഒരു ദിവസം മുന്‍പു തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തലുമായി ആന്ധ്രപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയാണ് രംഗത്തെത്തി.

പൊലീസിന്റെ കണ്‍മുന്നില്‍നിന്നു രക്ഷപ്പെട്ട മരംവെട്ടു തൊഴിലാളിയുടെ നിര്‍ണായക മൊഴിയുമായാണ് സംഘടന ഈ ആരോപണം നടത്തിയത്. ഇതു സത്യമാണെങ്കില്‍, സ്വരക്ഷയ്ക്കു വേണ്ടി ചന്ദനക്കടത്തുകാര്‍ക്കു നേരെ വെടിയുതിര്‍ത്തെന്ന ആന്ധ്ര പൊലീസിന്റെ വാദം പൊളിയും. ചന്ദനക്കൊള്ള സംഘത്തിലെ നൂറു കണക്കിനാളുകള്‍ സംഘം ചേര്‍ന്ന് കല്ലും വടിയും കത്തിയുമായി ആക്രമിക്കാനൊരുങ്ങിയപ്പോഴാണു വെടിവയ്‌ക്കേണ്ടി വന്നതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

ചൊവ്വാഴ്ച രാവിലെ ചിറ്റൂര്‍ ജില്ലയിലെ ശേഷാചലം വനമേഖലയില്‍ രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലില്‍ 20 പേരാണു കൊല്ലപ്പെട്ടത്. ഇവരെല്ലാം തമിഴ്‌നാട്ടില്‍നിന്നുള്ള തൊഴിലാളികളാണ്. രക്തചന്ദന കള്ളക്കടത്തു സംഘം തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയില്‍ നിന്നു മരം വെട്ടു ജോലിക്കായി കൊണ്ടു പോയ എട്ടു തൊഴിലാളികളില്‍ ഒരാളാണു രക്ഷപ്പെട്ടത്.

തിങ്കളാഴ്ച തിരുവണ്ണാമലയില്‍ നിന്നു ചിറ്റൂരിലേക്കു ബസില്‍ യാത്ര ചെയ്യവെ തമിഴ്‌നാട്, ആന്ധ്ര അതിര്‍ത്തിയില്‍വച്ചു പൊലീസ്, ബസ് പരിശോധിച്ച് ഏഴു പേരെ അറസ്റ്റ് ചെയ്‌തെന്നാണ് ഇയാള്‍ പറയുന്നത്. സംഘത്തില്‍നിന്നു മാറി മറ്റൊരു ഭാഗത്തെ സീറ്റിലായിരുന്ന ഇയാളെ പൊലീസ് ശ്രദ്ധിച്ചില്ല. ചൊവ്വാഴ്ച രാവിലെ ഇയാള്‍ വീട്ടിലേക്കു മടങ്ങുകയും ചെയ്തു. പൊലീസ് പിടികൂടി കൊണ്ടുപോയെ ഏഴു പേരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

അതേ സമയം സംഭവത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുകയാണ്. കൂട്ട കൊലപാതകത്തില്‍ എതിര്‍പ്പ് അറിയിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ആന്ധ്ര മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.എന്നാല്‍ സംസ്ഥാനത്തെ അനധികൃത രക്തചന്ദന മാഫിയക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായ പോലീസ് നീക്കം മാത്രമാന് നടന്നതെന്നാണ് പോലീസ് നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.