സ്വന്തം ലേഖകന്‍: ഭീകരുടെ ആക്രമണ ഭീഷണി മൂലം വീടുപേക്ഷിച്ചു പോകേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളെ താമസിപ്പിക്കുന്നതിനായി പ്രത്യേക ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കുമെന്ന വാര്‍ത്ത തെറ്റെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് വ്യക്തമാക്കി. ഇങ്ങനെയൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഗ്രസും നിയമസഭയില്‍ ചോദ്യം ഉന്നയിച്ചപ്പോഴാണ് സയീദ് നിലപാട് അറിയിച്ചത്.
കശ്മീരി പണ്ഡിറ്റുകള്‍ക്കു കശ്മീര്‍ താഴ്വരയില് ഒറ്റയ്ക്കു പ്രത്യേകമായി താമസിക്കാനാകില്ലെന്നും അവര്‍ സമൂഹത്തില്‍ എല്ലാവര്ക്കും ഇടയില്‍ താമസിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനോട് വ്യക്തമാക്കിയതായി സയീദ് അറിയിച്ചു. അവരവരുടെ പ്രദേശങ്ങളില്‍ അവര്‍ ജീവിക്കണം. തെറ്റിദ്ധാരണ മൂലമാണ് പണ്ഡിറ്റുകള്‍ക്കു പ്രത്യേക താമസസ്ഥലം വേണമെന്ന വാദം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭീകരാക്രമണ ഭീഷണി രൂക്ഷമായ 1990 കളില്‍ ഒന്നരലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ കശ്മീരി പണ്ഡിറ്റുകളാണ് വീട് ഉപേക്ഷിച്ചു പോയത്. പ്രത്യേക താമസസ്ഥലം എന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ തന്നെ വിഘടനവാദികളും പ്രധാനരാഷ്ട്രീയ കക്ഷികളും രൂക്ഷമായ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 200 ഫ്ലാറ്റുകളുടെ ഒരു സമുച്ചയം മധ്യകശ്മീരിലെ ബുദ്ഗാം ജില്ലയിലെ ഷെയ്ഖ്പോറയില്‍ പണിതിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വീടുപേക്ഷിച്ചു പോയ പണ്ഡിറ്റുകള്‍ക്കും താഴ്വരയിലെ മറ്റിടങ്ങളില്‍ നിന്ന് പ്രദേശത്ത് താമസിക്കുന്ന മുസ്ലിം കുടുംബങ്ങള്‍ക്കുമായാണ് ഫ്ലാറ്റ് അനുവദിച്ചത്.
2008ല്‍ പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിംഗിന്റെ പദ്ധതി അനുസരിച്ചായിരുന്നു ഇത്. എന്നാല്‍ കശ്മീരി പണ്ഡിറ്റുകളെ തിരികെ ജന്മസ്ഥലത്തേക്ക് എത്തിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതി പരാജയപ്പെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല