സ്വന്തം ലേഖകന്‍: നേപ്പാളിലേക്ക് ടിബറ്റിലൂടെ പുതിയ റയില്‍ പാത നിര്‍മ്മിക്കാനുള്ള ചൈനയുടെ പദ്ധതി ഇന്ത്യക്ക് ആശങ്ക വളര്‍ത്തുന്നു. തന്ത്രപ്രധാനമായ എവറസ്റ്റ് മലനിരകളിലൂടെ തുരങ്കങ്ങള്‍ നിര്‍മിച്ച് 540 കിലോമീറ്റര്‍ അതിവേഗ റയില്‍ പാത നിര്‍മ്മിക്കാനാണ് ചൈനയുടെ നീക്കം.
നിലവില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ റയില്‍ ബന്ധം ഇല്ലാത്തതിനാല്‍ ചൈന, നേപ്പാള്‍ അതിര്‍ത്തിയിലേക്കുള്ള ക്വിന്ഖായ്ടിബറ്റ് റെയില്‍വെയുടെ വിപുലീകരണം രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും വിനോദ സഞ്ചാരവും വര്‍ദ്ധിപ്പിക്കുമെന്ന് ചൈന വ്യക്തമാക്കി.
2020 ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ചെലവ് കണക്കാക്കിയിട്ടില്ല. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയുള്ള തീവണ്ടികള്‍ ഓടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 1,956 കിലോമീറ്റര്‍ നീളമുള്ള ക്വിന്‍ഖായ്, ടിബറ്റ് റെയില്‍ പാത ചൈനയുടെ മറ്റു ഭാഗങ്ങളെ ടിബറ്റന്‍ തലസ്ഥാനമായ ലാസയുമായി ബന്ധിപ്പിക്കുന്നുണ്ട്.
എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ഗതാഗത മേഖലയില്‍ വന്‍ മുന്നേറ്റമാകാവുന്ന പദ്ധതി കാര്‍ഷീക ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ പുത്തനുണര്‍വ് നല്‍കും.
നേപ്പാളിന്റെ ആവശ്യപ്രകാരമാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് ചൈന വ്യക്തമാക്കി. അടുത്തു നടത്തിയ നേപ്പാള്‍ സന്ദര്‍ശനത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി റെയില്‍വെ വിപുലീകരണത്തെ കുറിച്ച് ചര്‍ച്ച നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. ഭൂട്ടാനിലേക്കും ഇന്ത്യയിലേക്കും റെയില്‍പാത നിര്‍മ്മിക്കാനുള്ള പദ്ധതികളില്‍ ചൈന നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല