സ്വന്തം ലേഖകന്‍: പാകിസ്ഥാന് അമേരിക്കയില്‍ നിന്ന് 6,000 കോടി രൂപക്ക് ആയുധങ്ങള്‍ വാങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതിനു തൊട്ടുപിന്നാലെ ഇന്ത്യയും അതേ പാതയില്‍. ഫ്രാന്‍സില്‍ നിന്ന് 36 റഫേല്‍ യുദ്ധ വമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാങുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
മേക്ക് ഇന്‍ ഇന്ത്യ പരിപാടിക്കും ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനും ഫ്രാന്‍സിന്റെ സഹകരണം ലഭ്യമാകും. ആണവ സഹകരണത്തിനും ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി. 17 കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടത്. ഇന്ത്യയില്‍ 200 കോടി യൂറോയുടെ നിക്ഷേപം നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാങ് പറഞ്ഞു.
ഇന്ത്യയില്‍ മൂന്ന് സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കുന്നതിനും ഡല്‍ഹിയില്‍ നിന്ന് ഛണ്ഡിഗഡിലേക്ക് അതിവേഗ റെയില്‍വേ ലൈന്‍ സ്ഥാപിക്കുന്നതിനും ഫ്രാന്‍സ് സഹായിക്കും. കൂടാതെ പ്രതിരോധം, സാമ്പത്തികം, സാംസ്കാരികം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി.
റഫേല്‍ ജെറ്റുകള്‍ വാങ്ങുന്നതിനെക്കുറിച്ച് ഇന്ത്യ, ഫ്രഞ്ച് കമ്പനിയായ ഡസാള്‍ട്ട് ഏവിയേഷനുമായി ചര്‍ച്ച തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. 126 വിമാനങ്ങള്‍ വാങ്ങാനായിരുന്നു ഒരുക്കം. 1200 കോടി ഡോളര്‍ (74,832 കോടി രൂപ) വില വരും. എന്നാല്‍ വില, സാങ്കേതിക വിദ്യ എന്നിവയെച്ചൊല്ലിയുള്ള തര്‍ക്കം മൂലം ചര്‍ച്ച എങ്ങും എത്തിയിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല