സയദ് നഗരത്തില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി 16 അധിക നിരീക്ഷണ ക്യാമറകള്‍ കൂടി സ്ഥാപിച്ചു. അബുദാബി പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവ ഏപ്രില്‍ 13 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
നിയമപരമായ വേഗപരിധി ലംഘിക്കുന്നവരെയും ട്രാഫിക് സിഗ്നലുകള്‍ തെറ്റിക്കുന്നവരെയും പിടികൂടുന്നതിനാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. അബുദാബിയില്‍ നേരത്തെ മുതല്‍ പിന്തുടര്ന്നു വരുന്ന ട്രാഫിക് നിരീക്ഷണങ്ങളുടെ ചുവടു പിടിച്ചാണ് ഈ ക്യാമറകളും സ്ഥാപിച്ചിരിക്കുന്നത്.
അബുദാബി എമിറേറ്റിലെ ഇന്റര്‍സെക്ഷനുകളിലെ (കവലകളില്‍) ട്രാഫിക് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത്. ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് 2012 മുതല്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തു വരുന്നുണ്ട്. ഈ പദ്ധതയുടെ ഭാഗമായി ലൈറ്റുകള്‍ കൊണ്ട് നിയന്ത്രിക്കുന്ന 150 സിഗ്നലുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശ്യിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അബുദാബി, അല്‍ എയിന്‍, വെസ്റ്റേണ്‍ റീജിയണ്‍ എന്നിവിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ പൂര്‍ണാമായും സ്ഥാപിക്കും.
ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ക്ക് അഞ്ച് ലെയ്നുകളെയും നിരീക്ഷിക്കാനുള്ള ശേഷിയുള്ളവയാണ്. അതുകൊണ്ടു തന്നെ നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് ക്യാമറകളുടെ കണ്ണില്‍പ്പെടാതെ പോകാന്‍ സാധിക്കില്ല. ഇന്‍ഫ്രാറെഡ് ലൈസന്‍സ് പ്ലേറ്റ് റീഡേഴ്സ് എല്ലാ ക്യാമറകള്ക്കുമുണ്ട്. വാഹനത്തിന്റെ വിഭാഗവും ലൈസന്‍സ് പ്ലേറ്റ് നമ്പറും ക്യാമറ ഒപ്പിയെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല