സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണയുമായി പ്രമുഖ വിമാന നിര്‍മാതാക്കളായ എയര്‍ബസ് രംഗത്തെത്തി. ഇന്ത്യയില്‍ ഇത്തരം വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് തയ്യാറാണെന്ന് കമ്പനി സിഇഒ ടോം എന്‍ഡേഴ്‌സ് പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടൂലോസിലെ എയര്‍ബസ് നിര്‍മാണ കേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് കമ്പനി തങ്ങളുടെ താല്‍പര്യം അറിയിച്ചത്. എയര്‍ബസ് കേന്ദ്രം സന്ദര്‍ശിച്ച മോദി വിമാനങ്ങളുടെ നിര്‍മാണ രീതികളും മറ്റും സശ്രദ്ധം വീക്ഷിച്ചു.
ഇന്ത്യയുമായി ശക്തമായ വ്യാവസായിക ബന്ധമാണ് ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ എല്ലാ മേഖലയിലും ഇന്ത്യ വഹിക്കുന്ന പങ്ക് വലുതാണ്. സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ വളരെ പ്രതീക്ഷയോടെയാണ് ഫ്രാന്‍സ് കാണുന്നത്. അതിന്റെ ഭാഗമായി ഇന്ത്യയില്‍ വിമാനങ്ങളുടെ നിര്‍മാണത്തിന് ഞങ്ങള്‍ തയ്യാറാണെന്നും ടോം എന്‍ഡേഴ്‌സ് വ്യക്തമാക്കി.
ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ എയര്‍ബസിന്റെ രണ്ട് എഞ്ചിനിയറിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിവില്‍ വ്യോമയാന മേഖലയിലും പ്രതിരോധ മേഖലയിലുമാണ് അവ. ഇത് കൂടാതെ ഉന്നത യോഗ്യതയുള്ള നാനൂറ് പേരടങ്ങിയ റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജി സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.
ഡല്‍ഹി, ചണ്ഡീഗര്‍ അര്‍ദ്ധ അതിവേഗ റെയില്‍പാത
ഡല്‍ഹിയില്‍ നിന്ന് ചണ്ടീഗറിലേക്കുള്ള റെയില്‍പാതയിലെ വേഗം മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആക്കുന്നത് സംബന്ധിച്ച് ഫ്രാന്‍സ് പഠനം നടത്തും. അംബാല, ലുധിയാന റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനും ഫ്രാന്‍സ് സഹായം നല്‍കുമെന്ന് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെ അറിയിച്ചു.
ചണ്ടീഗറിനും ന്യൂഡല്‍ഹിക്കും ഇടയില്‍ ഓടുന്ന ട്രെയിനുകളില്‍ നിലവില്‍ ഏറ്റവും വേഗതയുള്ളത് ശതാബ്ദി എക്‌സ്പ്രസിനാണ്,? 79.80 കിലോമീറ്ററാണ് വേഗത്. ഇതാണ് 200 കിലോമീറ്റര്‍ വേഗതയിലേക്ക് ഉയര്‍ത്തുന്നത്. ഇതിനായി ഇന്ത്യന്‍ റെയില്‍വേയും ഫ്രാന്‍സ് നാഷണല്‍ റെയില്‍വേയും സംയുക്തമായിട്ടാവും പഠനം നടത്തുക. സ്മാര്‍ട്ട് സിറ്റികളുടെ വികസനത്തിനും ഫ്രാന്‍സ് സഹായം നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല