സ്വന്തം ലേഖകന്‍: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും നിഷേധിക്കലുകള്ക്കും ശേഷം അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഹിലാരി ക്ലിന്റണ് ഒരുങ്ങുന്നു.2016 ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായാണ് ഹിലാരി മത്സരിക്കുക.
പാര്‍ട്ടിയുടെ ഔദ്യോഗികമായ അറിയിപ്പ് പുറത്തു വന്നിട്ടില്ലെങ്കിലും ഹിലാരിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന ജോണ്‍ പോഡേസ്റ്റ് പാര്‍ട്ടി അനുഭാവികളില്‍ ചിലര്‍ക്കയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഹിലാരിയുടെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പരാമര്‍ശമുള്ളത്.
തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഹിലാരി താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതായി വ്യത്മമാക്കി. ഓരോ അമേരിക്കന്‍ പൗരനും ഒരു ചാമ്പ്യനെ ആവശ്യപ്പെടുന്നുവെന്നും താന്‍ ആ ചാമ്പ്യന്‍ ആകാന്‍ ആഗ്രഹിക്കുന്നു എന്നും വീഡിയോയില്‍ ഹിലാരി പറയുന്നു.
അടുത്ത മാസം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു ചടങ്ങില്‍ വച്ച് ഹിലാരി തന്റെ തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കും എന്നാണ് സൂചന. അമേരിക്കന്‍ മധ്യവര്‍ഗത്തെ ഉന്നം വച്ചാവും ഇത്തവണ ഹിലാരിയുടെ തിരഞ്ഞെടുപ്പു പ്രചാരണം. വരുമാനത്തിലുള്ള അന്തരം കുറക്കുക, സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്നവയിലായിരിക്കും ഹിലാരിയുടെ ഊന്നല്‍ എന്നാണ് കരുതപ്പെടുന്നത്.
2008 ലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക് സ്ഥാനാര്‍ഥിയായി ബാരക് ഒബാമക്ക് ഒപ്പത്തിനൊപ്പം പരിഗണിക്കപ്പെട്ടെങ്കിലും അവസാന നിമിഷം ഹിലാരി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല