സ്വന്തം ലേഖകന്‍: സ്കോട്ലന്ഡ് യാര്‍ഡിന്റെ പഴയ ആസ്ഥാന മന്ദിരം വിലക്കു വാങ്ങാന്‍ ഒരുങ്ങുകയാണ് മലയാളി വ്യവസായിയായ എംഎ യൂസഫലി. പത്തു കോടി പൗണ്ട് (ഏകദേശം 910 കോടി രൂപ) വിലക്ക് മന്ദിരം വാങ്ങാനാണ് യൂസഫലി ഉദ്ദേശിക്കുന്നതെന്നാണ് സൂചന.
ഗ്രേറ്റ് സ്കോട്ലന്ഡ് യാര്‍ഡ് എന്നറിയപ്പെടുന്ന ഈ മന്ദിരം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റുകയാണ് യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന്റെ ലക്ഷ്യം. ഇതിനായി ഗാലിയാര്‍ഡ് ഗ്രൂപ്പിനു നേരത്തേ തന്നെ കരാര്‍ നല്‍കിയിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കകം ലുലു ഗ്രൂപ്പ് തുകനല്‍കി കെട്ടിടം സ്വന്തമാക്കുമെന്നാണ് കരുതുന്നത്. വില്‍പ്പന നടന്നില്ലെങ്കില്‍ കെട്ടിടം ലേലം വിളിച്ച് വില്‍ക്കാനും ഗാലിയാര്‍ഡ് പദ്ധതിയുടുന്നുണ്ട്.
ലണ്ടന്‍ മെട്രോപ്പൊലിറ്റന്‍ പൊലീസ് സേന രൂപീകരിച്ച 1829 മുതല്‍ 1890 വരെയായിരുന്നു ഗ്രേറ്റ് സ്കോട്ട്ലന്‍ഡ് യാര്‍ഡ് ആസ്ഥാന മന്ദിരമായി ഉപയോഗിച്ചത്. പിന്നീട് പൊലീസ് ആസ്ഥാനം മധ്യലണ്ടനിലേക്കു മാറ്റി. ന്യൂ സ്കോട്ലന്ഡ് യാര്‍ഡ് എന്നാണിതറിയപ്പെടുന്നത്.
നേരത്തെ ബ്രിട്ടനിലെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ 10% ഓഹരികള്‍ യൂസഫലിയുടെ ലുലു ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല